ഹരിപ്പാട് കരുവാറ്റയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി

Jaihind News Bureau
Thursday, April 9, 2020

ഹരിപ്പാട് കരുവാറ്റയിൽ ഒരു വർഷത്തോളം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. കരുവാറ്റ കല്പകവാടിക്ക് തെക്ക് ചിറയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പരിശോധന തുടരുകയാണ് .

മീൻ പിടിക്കാനായി പോയ യുവാവാണ് അസ്ഥികൂടം കണ്ടത്. ഭയന്ന് പോയ ഇദ്ദേഹം വീട്ടിൽ എത്തി വിവരം പറഞ്ഞതോടെ പോലീസിൽ അറിയിക്കുകയായിരുന്നു. വര്‍ഷങ്ങളായി കാട് പിടിച്ചു കിടന്ന പ്രദേശം കഴിഞ്ഞ ദിവസമാണ് തീ ഇട്ടത്. അതോടെയാണ് അസ്ഥികൂടം പുറത്തു വന്നത്. പൊലീസ് എത്തി പ്രദേശം സീൽ ചെയ്തു. പരിശോധനയിൽ വിവിധ ഭാഗങ്ങളിൽ നിന്നുമാണ് അസ്ഥികൂടത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്. മീറ്ററുകൾ വ്യത്യാസത്തിലാണ് ഭാഗങ്ങൾ കിടന്നത്. മരിച്ചത് പുരുഷനാണോ സ്ത്രീ ആണോ എന്നുള്ളത് വ്യക്തമല്ല. ഫോറൻസിക് വിഭാഗം എത്തി പരിശോധന നടത്തിയാലേ പഴക്കം ഉൾപ്പടെയുള്ള കാര്യങ്ങൾ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. ഹരിപ്പാട് പൊലീസ് പ്രദേശത്തു പരിശോധന തുടരുകയാണ്.