കശ്മീരിലേത് അതിഗുരുതരാവസ്ഥ; ലജ്ജാകരവും : ഗുലാം നബി ആസാദ്

ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിക്ക് സംസ്ഥാന നേതാവിനെ കാണാനായി സുപ്രീം കോടതിയെ സമീപിക്കേണ്ടിവന്ന സാഹചര്യം എത്ര ലജ്ജാകരമാണെന്ന് ഗുലാം നബി ആസാദ്. അത്തരമൊരു വഴി കോണ്‍ഗ്രസിന് തെരഞ്ഞെടുക്കുന്നതില്‍ പ്രയോഗികമായി ബുദ്ധിമുട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ദിനപ്പത്രത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ജമ്മു കശ്മീരില്‍ വീട്ടുതടങ്കലിലാക്കിയിരിക്കുന്ന സി.പി.ഐ.എം നേതാവ് യൂസഫ് തരിഗാമിയെ സുപ്രീം കോടതി അനുമതിയോടെ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സന്ദര്‍ശിച്ച വിഷയത്തില്‍ ഗുലാം നബി ആസാദ് പ്രതികരിച്ചത്.

കോണ്‍ഗ്രസും ഇത്തരത്തില്‍ ഒരു നീക്കം നടത്തുമോ എന്ന ചോദ്യത്തിന് രണ്ടും രണ്ട് സാഹചര്യമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ജമ്മു കശ്മീരില്‍ പരിമിതമായ സാന്നിധ്യമാണ് ഉള്ളത്. എന്നാല്‍ ബ്ലോക്കുകള്‍ വരെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസിന് സാന്നിധ്യമുണ്ടെന്നും ഏതു നേതാവിനെ കാണണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അങ്ങനൊരു അവസ്ഥ ഉണ്ടായാല്‍ അത് വ്യക്തിപരമായും പാര്‍ട്ടി തലത്തിലും ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഗുലാം നബി ആസാദ് വ്യക്തമാക്കി.

കശ്മീരില്‍ ഉണ്ടായത് മറ്റ് പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള കപട രാഷ്ട്രീയ നാടകമാണെന്ന് ജനം വൈകാതെ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് 5നാണ്  ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്രം ഇല്ലാതാക്കിയത്.

Ghulam Nabi Azad
Comments (0)
Add Comment