PRIYANKA GANDHI| എസ്.ഐ.ആര്‍. തിരഞ്ഞെടുപ്പിനെ ‘ചതിക്കാനുള്ള നീക്കം’; രാജ്യത്ത് എവിടെ നടപ്പാക്കാന്‍ ശ്രമിച്ചാലും എതിര്‍ക്കുമെന്നും പ്രിയങ്ക ഗാന്ധി

Jaihind News Bureau
Thursday, October 30, 2025

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമായ എസ്.ഐ.ആര്‍ നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി വയനാട് എം.പി. പ്രിയങ്ക ഗാന്ധി. എസ്.ഐ.ആര്‍. തിരഞ്ഞെടുപ്പിനെ ‘ചതിക്കാനുള്ള നീക്കമാണ്’ എന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും അവര്‍ ആരോപിച്ചു. രാജ്യത്ത് എവിടെ ഇത് നടപ്പാക്കാന്‍ ശ്രമിച്ചാലും അതിശക്തമായി എതിര്‍ക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.

എസ്.ഐ.ആര്‍. നടപ്പാക്കുന്ന 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്‍ പട്ടിക മരവിപ്പിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ അറിയിച്ചു. കേരളം, ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പുതുച്ചേരി, ലക്ഷദ്വീപ്, ആന്‍ഡമാന്‍ എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ആദ്യഘട്ടത്തില്‍ എസ്.ഐ.ആര്‍. നടപ്പാക്കുന്നത്. ഈ പരിഷ്‌കരണത്തിന്റെ ഭാഗമായി ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി പരിഗണിക്കും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നവംബര്‍ 4 മുതല്‍ ഡിസംബര്‍ 4 വരെയായിരിക്കും വോട്ടര്‍ പട്ടിക പരിഷ്‌കരണം നടക്കുക. എസ്.ഐ.ആറിന്റെ കരട് പട്ടിക ഡിസംബര്‍ 9-ന് പ്രസിദ്ധീകരിക്കും, അന്തിമ പട്ടിക ഫെബ്രുവരി 7-നായിരിക്കും പുറത്തിറക്കുക.