മിന്നല്‍പ്രളയത്തില്‍ വിറങ്ങലിച്ച് സിക്കിം

Jaihind Webdesk
Wednesday, October 4, 2023

വടക്ക് കിഴക്കന്‍ സംസ്ഥാനമായ സിക്കിമില്‍ മിന്നല്‍ പ്രളയത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രളയത്തില്‍ സൈനികര്‍ ഉള്‍പ്പടെ 43 പേരെ കാണാതായെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. പ്രദേശത്ത് നിന്ന് നാലായിരത്തോളം പേരെ ഒഴിപ്പിച്ചു. ഇതുവരെ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. മലയാളികള്‍ അടക്കം രണ്ടായിരം പേര്‍ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.കുതിച്ചെത്തിയ പ്രളയജലത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് സിക്കിം. രണ്ട് ദിവസമായി പെയ്ത മഴയ്‌ക്കൊപ്പം ഇന്നലെയുണ്ടായ മേഘവിസ്‌ഫോടനമാണ് വടക്കന്‍ സിക്കിമില്‍ ലാചെന്‍ താഴ്വരയില്‍ സ്ഥിതി സങ്കീര്‍ണ്ണമാക്കിയത്. ലോനാക് തടാകത്തിന് സമീപത്തെ മേഘവിസ്‌ഫോടനമാണ് ദുരന്തത്തിനിടയാക്കിയത്. ഇതിന് പിന്നാലെ ചുങ്താങ് അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു. അടിയന്തരമായി അണക്കെട്ട് തുറന്നതോടെ ടീസ്ത നദിയിലെ ജലനിരപ്പ് ഇരുപത് അടിയോളം ഉയര്‍ന്നു. നദി തീരത്തുള്ള സൈനിക ക്യാമ്പുകളിലേക്കും വെള്ളം ഇരച്ചെത്തി. സിങ്താമിന് സമീപം നിര്‍ത്തിയിട്ടിരുന്ന സൈനിക വാഹനങ്ങള്‍ ഒഴുകിപ്പോയി. 23 സൈനികരെ കാണാതായതായും ചില വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയതായും കരസേന വ്യക്തമാക്കി. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്.താഴ്ന്ന പ്രദേശങ്ങളായ സാങ്കലാങ്, ബ്രിങ്‌ബോങ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. പശ്ചിമ ബംഗാളിനേയും സിക്കിമിനേയും ബന്ധിപ്പിക്കുന്ന ദേശീയപാത 10 നിരവധിയിടങ്ങളില്‍ തകര്‍ന്നു. ചുങ്താങ് എന്‍എച്ച്പിസി അണക്കെട്ടും പാലവും ഒലിച്ചുപോയി. വിവിധ സ്ഥലങ്ങളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നദീതീരത്തുനിന്ന് ആളുകള്‍ മാറണമെന്ന് സിക്കിം സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗ് ജില്ലയിലും നദീതീരത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.