സിദ്ധാര്‍ത്ഥന്‍റെ മരണം: അന്വേഷണം അട്ടിമറിക്കാന്‍ ഉന്നതതല ഗൂഢാലോചന; വീഴ്ചകള്‍ വരുത്തിയത് മനപൂര്‍വമെന്ന് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കുന്നതിന് സര്‍ക്കാരിന്‍റെ ഉന്നതതലത്തില്‍ ഗൂഢാലോചന നടക്കുന്നു എന്നതിന് തെളിവാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിലെ നടപടിക്രമങ്ങളില്‍ വരുത്തിയ പിഴവെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

ആഭ്യന്തര വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ ബലിയാടാക്കി മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഉന്നത തലത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണം മനപൂര്‍വം പിഴവുകള്‍ ഉണ്ടാക്കുകയാണ് ചെയ്തതെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തമാവുന്ന കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിനുള്ള കത്ത് കൊച്ചി സിബിഐ ഓഫീസിലേക്ക് തെറ്റി അയക്കുമെന്ന് കരുതാന്‍ സാധ്യമല്ല. നടപടി ക്രമമനുസരിച്ചുള്ള രേഖകള്‍ ഹാജരാക്കുന്നതിലും വീഴ്ചയുണ്ടായത് സംശയാസ്പദമാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത കോളിളക്കം സൃഷ്ടിച്ച ഒരു കേസിന്‍റെ കാര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉദ്യോഗസ്ഥര്‍ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യാന്‍ സാധ്യതയില്ല. ഇതെല്ലാം വ്യക്തമാക്കുന്നത് ഉന്നതതലത്തില്‍ നിന്നുള്ള നിർദേശം അനുസരിച്ച് അന്വേഷണം വൈകിപ്പിക്കാന്‍ മനപൂര്‍വം വീഴ്ച വരുത്തി എന്നാണ്. കേസുമായി ബന്ധപ്പെട്ട് സര്‍വകലാശാലയിലെ 33 വിദ്യാര്‍ത്ഥികളെ വിസി കുറ്റവിമുക്തരാക്കുകയും സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയും ചെയ്ത സംഭവവും ഇതോടൊപ്പം കൂട്ടി വായിക്കേണ്ടതുണ്ട്. എസ്എഫ്ഐയും അതുവഴി ഭരണകക്ഷിയും പ്രതിക്കൂട്ടിലായ കേസ് ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Comments (0)
Add Comment