സി.പി.ഐ മാർച്ചിനെതിരായ ലാത്തിച്ചാര്‍ജ്: എസ്.ഐക്ക് സസ്പെന്‍ഷന്‍ ; നടപടി വൈകിപ്പോയെന്ന് എല്‍ദോ എബ്രഹാം

സി.പി.ഐ കൊച്ചി റേഞ്ച് ഐ.ജി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് ലാത്തിച്ചാര്‍ജില്‍ മര്‍ദനമേറ്റ സംഭവത്തില്‍ എസ്.ഐക്കെതിരെ നടപടി. കൊച്ചി സെന്‍ട്രല്‍ എസ്.ഐ വിപിന്‍ദാസിനെ സസ്പെന്‍ഡ് ചെയ്തു. എം.എല്‍.എയ്ക്ക് മര്‍ദനമേറ്റത് എസ്.ഐയുടെ അശ്രദ്ധ മൂലമാണെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം നടപടി വൈകിപ്പോയെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പ്രതികരിച്ചു.

കൊച്ചി സിറ്റി അഡീഷണല്‍ കമ്മീഷണറും ഡി.ഐ.ജിയുമായ കെ.പി ഫിലിപ്പ് ആണ് നടപടിയെടുത്തത്. ലാത്തിച്ചാർജിൽ എം.എൽ.എയ്ക്ക് അടക്കം പരിക്കേറ്റ സംഭവത്തിൽ ജില്ലാ കളക്ടർ മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ലാത്തിച്ചാർജ്ജിൽ എസ്.ഐ വിപിൻ ദാസിന്‍റെ ഭാഗത്ത് നിന്ന് നോട്ടക്കുറവുണ്ടായെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. എൽദോ എബ്രഹാം എം.എൽ.എയെ തിരിച്ചറിയുന്നതിൽ എസ്.ഐ വിപിൻദാസിന് വീഴ്ച പറ്റിയെന്നാണ് കണ്ടെത്തൽ.

കഴിഞ്ഞ മാസം 23ന് ഞാറയ്ക്കല്‍ സി.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളത്തെ റേഞ്ച് ഐ.ജി ഓഫീസിലേക്ക് സി.പിഐ നടത്തിയ മാര്‍ച്ചിന് നേരെയാണ് പോലീസ് ലാത്തിച്ചാർജ് നടത്തിയത്. എല്‍ദോ എബ്രഹാം എം.എല്‍.എ, സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു എന്നിവര്‍ ഉള്‍പ്പെടെയുള്ളവർക്ക് പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. സംഭവത്തിൽ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാൻ ആവില്ലെന്നായിരുന്നു സംസ്ഥാന പൊലീസ് മേധാവി റിപ്പോർട്ട് നൽകിയത്. മാർച്ചിനിടെ എസ്.ഐ തന്നെ മർദിക്കുന്ന ചിത്രം എൽദോ എബ്രഹാം എം.എൽ.എ മാധ്യമങ്ങൾക്ക് കൈമാറിയിരുന്നു.

അതേസമയം സംഭവത്തില്‍ നടപടി വളരെ വൈകിപ്പോയെന്ന് മൂവാറ്റുപുഴ എം.എല്‍.എ എല്‍ദോ എബ്രഹാം പ്രതികരിച്ചു. നടപടിയെ സ്വാഗതം ചെയ്യുന്നതായും ഞാറയ്ക്കല്‍ സി.ഐക്കെതിരെയും നടപടി വേണമെന്ന് ജില്ലാ സെക്രട്ടറി പി രാജുവും പ്രതികരിച്ചു.

eldo abraham mlapolice lathi charge
Comments (0)
Add Comment