ഷീലാ ദീക്ഷിതിന്‍റെ വിയോഗം ഹൃദയം തകര്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി; അനുശോചനപ്രവാഹം

Saturday, July 20, 2019

കോണ്‍ഗ്രസ് നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഷീലാ ദീക്ഷിതിന്‍റെ നിര്യാണത്തില്‍ രാജ്യത്തിന്‍റെ നാനാഭാഗത്തുനിന്നും അനുശോചന സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്.

രാഹുല്‍ ഗാന്ധി:

കോണ്‍ഗ്രസിന്‍റെ പ്രിയപ്പെട്ട മകളുടെ വിയോഗം ഹൃദയം തകര്‍ക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വ്യക്തിപരമായി ഷീലാ ദീക്ഷിത്തുമായി വളരെ അടുത്ത ബന്ധമാണുള്ളത്. വളരെ വേദനാജനകമായ ഈ അവസരത്തില്‍ കുടുംബാംഗങ്ങളോടും ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായി സേവനം അനുഷ്ഠിച്ച ഡല്‍ഹിയിലെ ജനങ്ങളോടും തന്‍റെ അനുശോചനം അറിയിക്കുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു.

നരേന്ദ്ര മോദി

ഷീലാ ദീക്ഷിതിന്‍റെ വിയോഗം വളരെയധികം ദുഃഖമുളവാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഡല്‍ഹിയുടെ വികസനത്തിന് മികച്ച സംഭാവനകളാണ് ഷീലാ ദീക്ഷിത് നല്‍കിയത്. കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നു.

ഡോ. മന്‍മോഹന്‍സിംഗ്

ഷീലാ ദീക്ഷിതിന്‍റെ മരണ വാർത്ത തന്നെ ഞെട്ടിച്ചെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻ‌മോഹൻ സിംഗ്. രാജ്യത്തിന് വേണ്ടി സ്വയം സമര്‍പ്പിച്ച നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്നും, മുഖ്യമന്ത്രിയായിരിക്കെ നടത്തിയ വികസന പ്രവർത്തനങ്ങൾ ഡല്‍ഹിയിലെ ജനങ്ങൾ എപ്പോഴും ഓർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രിയങ്കാ ഗാന്ധി

ഷീലാ ദീക്ഷിതിന്‍റെ വിയോഗം തീരാനഷ്ടമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഡല്‍ഹിയുടെ വികസനത്തിന് ഷീലാ ദീക്ഷിതിന്‍റെ പങ്ക് എക്കാലവും സ്മരിക്കപ്പെടും. ആ മനോഹരമായ പുഞ്ചിരിയും വിലയേറിയ ഉപദേശങ്ങളും കണ്ടുമുട്ടുമ്പോഴുള്ള സ്നേഹാലിംഗനവും തനിക്ക് നഷ്ടമായതായും പ്രിയങ്കാ ഗാന്ധി പറഞ്ഞു.

എ.കെ ആന്‍റണി

ഷീല ദീക്ഷിതിന്‍റെ വേർപാട് ഡൽഹിക്കും കോൺഗ്രസിനും കനത്ത നഷ്ടമാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആൻറണി. കുട്ടിക്കാലം മുതൽ കോൺഗ്രസിന് വേണ്ടി കഷ്ടപ്പെട്ട നേതാവായിരുന്നു ഷീലാ ദീക്ഷിത്. കോൺഗ്രസിന്‍റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും കരുത്തായിരുന്നു ഷീല ദീക്ഷിത്. ഡൽഹി കണ്ട ഏറ്റവും പ്രഗത്ഭയായ മുഖ്യമന്ത്രിയും ഡൽഹിയിലുണ്ടായ മാറ്റങ്ങളുടെയെല്ലാം ശില്പിയുമായിരുന്നു ഷീലാ ദീക്ഷിത്. കേരള ഗവർണറായി കുറച്ചുനാൾ മാത്രമേ സേവനമനുഷ്ഠിച്ചുള്ളു എങ്കിലും കേരളത്തിന്‍റെ ബന്ധുവായിരുന്നു അവരെന്നും കൊച്ചി മെട്രോയുടെ എല്ലാ പ്രതിബന്ധങ്ങളും മാറ്റി ഡൽഹി മെട്രോയെക്കൊണ്ട് ഏറ്റെടുപ്പിച്ചത് ഒരിക്കലും മറക്കാനാകില്ല എന്നും അദ്ദേഹം അനുസ്മരിച്ചു.

ഉമ്മന്‍ ചാണ്ടി

ഷീല ദീക്ഷിതിന്‍റെ നിര്യാണത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിനും ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഷീലാ ദീക്ഷിത് വഹിച്ച പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ യാഥാർഥ്യമാക്കുന്നതിന് പിന്നിൽ ഷീല ദീക്ഷിതിന് പങ്കു വളരെ വലുതാണെന്നും അദ്ദേഹം കോട്ടയത്ത്‌ പറഞ്ഞു.

കെ.സി വേണുഗോപാല്‍

ആധുനിക ഡൽഹിയുടെ വികസനത്തിന് അടിത്തറ നൽകിയ, അവസാന ശ്വാസം വരെ കോൺഗ്രസ് പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സമുന്നതയായ നേതാവായിരുന്നു ഷീല ദിക്ഷിതെന്ന് എ.ഐ.സി.സി യുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അനുസ്മരിച്ചു. രാഷ്ട്രീയ നിലപാടുകളിൽ കണിശമായ ആദർശ പ്രതിബദ്ധത പ്രകടിപ്പിക്കുകയും, അതേസമയം പാർട്ടിയുടെ തീരുമാനങ്ങളെ യഥാവിധി ബഹുമാനിക്കുകയും ചെയ്തിരുന്ന ശക്തയായ നേതാവായിരുന്നു ഷീല ദീക്ഷിത്. രാഷ്ട്രീയ ജീവിതത്തിലും വ്യക്തി ജീവിതത്തിലും കുലീനമായ ഔന്ന്യത്യം പ്രകടിപ്പിച്ച ശക്തയായ ഭരണാധികാരിയായിരുന്നു അവർ. കുറഞ്ഞ കാലമാണെങ്കിൽ കൂടിയും കേരളത്തിന്റെ ഗവർണർ എന്ന നിലയ്ക്ക്, കേരള സമൂഹത്തിന്‍റെ ഒന്നാകെ ആദരവ് നേടാനും അവർക്കു സാധിച്ചു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും അനാരോഗ്യം വകവെക്കാതെ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജം നൽകാൻ മുൻപന്തിയിൽ ഷീല ദീക്ഷിത് ഉണ്ടായിരുന്നു. ആസന്നമായ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കാൻ മുന്നിട്ടിറങ്ങിയ അവസരത്തിലാണ് ഷീല ദിക്ഷിത്തിന്‍റെ മരണം സംഭവിച്ചിരിക്കുന്നത്. ഷീല ദിക്ഷിതിന്‍റെ ആകസ്മികമായ നിര്യാണം കോൺഗ്രസ് പാർട്ടിക്കും, രാജ്യത്തിനും തീരാ നഷ്ടമാണെന്നും കെ.സി വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മുല്ലപ്പള്ളി രാമചന്ദ്രന്‍

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയും ഡല്‍ഹി മുഖ്യമന്ത്രിയും കേരള ഗവര്‍ണറുമായിരുന്ന ഷീല ദീക്ഷിതിന്‍റെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുശോചിച്ചു. ജനങ്ങളുടെ അംഗീകാരം നേടിയ നേതാവാണ് ഷീലാ ദീക്ഷിത്. ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് ഡല്‍ഹിയുടെ സുസ്ഥിരവികസനത്തിന് അടിത്തറ പാകിയ നേതാവാണ്. ഗാന്ധി കുടുംബവുമായി അടുത്തബന്ധം കാത്തുസൂക്ഷിച്ച ഷീല ദീക്ഷിത് രാഷ്ട്രീയരംഗത്ത് ശക്തമായ സ്ത്രീസാന്നിധ്യമായിരുന്നു. ദീക്ഷിതുമായി എറ്റവും അടുത്ത സുഹൃത്ത് ബന്ധമാണ് ഉണ്ടായിരുന്നത്. ഉറച്ച നിലപാടുകളും തന്‍റെ അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാന്‍ കാണിച്ചിട്ടുള്ള ഷീല ദീക്ഷിതിന്‍റെ ദേഹവിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണ്.

രമേശ് ചെന്നിത്തല

മൂന്നര ദശാബ്ദക്കാലമായി താനുമായി അടുത്ത വ്യക്തി ബന്ധം  പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ഷീലാദീക്ഷിതെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എന്‍.എസ്.യു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കുമ്പോഴും അഖിലേന്ത്യാ  കോണ്‍ഗ്രസ് കമ്മിറ്റിയുടെ  സെക്രട്ടറി പാര്‍ലമെന്‍റംഗം എന്ന നിലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും ഷീലാദീക്ഷിതുമായി വളരെ അടുത്ത ബന്ധം   ഉണ്ടായിരുന്നു. മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതാണ് ഇന്ത്യയുടെ തലസ്ഥാന നഗരിയുടെ മുഖഛായ മാറ്റിയതും. മലയാളികള്‍ അടക്കമുള്ള ദക്ഷിണേന്ത്യക്കാര്‍ക്ക്  ഡല്‍ഹിയെ  സ്വന്തം നാട്  പോലെ ജീവിക്കാനുള്ള പരിതസ്ഥിതി സൃഷ്ടിച്ചതും.   കേരളത്തില്‍ ഗവര്‍ണറായിരുന്ന ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഹൃദയം  കവരാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.  കേരളത്തില്‍ അവസാനം അവര്‍ വന്നത്   പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തില്‍ ഐ.ഐ.സി.സി  നിരീക്ഷക ആയിട്ടായിരുന്നുവെന്നും  ഷീലാദീക്ഷിതിന്‍റെ നിര്യാണത്തിലൂടെ രാജ്യത്തിന് മഹത്തായ  സംഭാവനകള്‍ നല്‍കിയ ഒരു കോണ്‍ഗ്രസ് നേതാവിനെക്കൂടി നഷ്ടപ്പെട്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.