കൊച്ചി: ചോറ്റാനിക്കരയിലെ പോക്‌സോ കേസ് അതിജീവിതയായ 19 വയസ്സുള്ള പെൺകുട്ടി ഒടുവിൽ മരണത്തിനു കീഴടങ്ങി . ലഹരിക്ക് അടിമയായ അനൂപ് എന്ന യുവാവിന്‍റെ മർദ്ദനത്തിനും ലൈംഗിക അതിക്രമത്തിനും ഇരയായ പെൺകുട്ടിയെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ആറ് ദിവസത്തോളം ജീവൻ നിലനിർത്താൻ വെന്‍റിലേറ്റർ സഹായത്തോടെ ശ്രമിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി അനൂപ് പെൺകുട്ടിയുടെ വീട്ടിലെത്തി ക്രൂരമായി മർദ്ദിച്ചതിന് ശേഷം ലൈംഗികമായി പീഡിപ്പിച്ചു. പെൺകുട്ടി അതിനെ തിരസ്കരിച്ചതോടെ ക്രൂരമായ മർദ്ദനം തുടരുകയും അകലെ കിടന്നിരുന്ന ചുറ്റിക ഉപയോഗിച്ച് തലക്കടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു. പ്രതിയായ അനൂപ് പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നതിനാൽ ഇരുവരും നേരത്തെ വഴക്കിലായിരുന്നെന്ന് പെൺകുട്ടിയുടെ സുഹൃത്തുക്കൾ പറയുന്നു . ശനിയാഴ്ച രാത്രി അനൂപ് മദ്യപിച്ചും ലഹരി ഉപയോഗിച്ചും കൊണ്ടാണ് പെൺകുട്ടിയുടെ വീട്ടിലെത്തിയത്. പെൺകുട്ടി ഫോണിൽ മറ്റാരുമായോ സംസാരിക്കുന്നത് കണ്ടാണ് അനൂപ് കയറിവരുന്നത്. പെൺകുട്ടി വാതിൽ തുറന്ന ഉടൻ അനൂപ് ആദ്യം മുഖത്ത് അടിച്ചു, പിന്നീട് പിടിച്ചു തള്ളിയതോടെ പെൺകുട്ടി നിലത്ത് വീണു.പിന്നീട് പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. അവൾ അതിന് വിസ്സമ്മതിച്ചതോടെ ക്രൂരമായ മർദ്ദനം തുടരുകയായിരുന്നു. ചുറ്റിക കൊണ്ട് തലക്കടിച്ച് അവളെ അബോധാവസ്ഥയിലാക്കാൻ ശ്രമിച്ചു.തുടർന്ന് കഴുത്തിൽ ഷാൾ കുരുക്കി ശ്വാസം മുട്ടിക്കാൻ ശ്രമിച്ചു.പെൺകുട്ടി മരിച്ചു എന്ന് കരുതി അവിടെ ഉപേക്ഷിച്ച് അനൂപ് രക്ഷപ്പെടുകയായിരുന്നു.
ശനിയാഴ്ച അബോധാവസ്ഥയിൽ അർധനഗ്നയായി പെൺകുട്ടിയെ പരിസരവാസികൾ കണ്ടെത്തുകയായിരുന്നു.
ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില അതീവ ഗുരുതരമായിരുന്നു. ഗുരുതരമായി മർദ്ദിക്കപ്പെട്ടതിനാൽ മസ്തിഷ്കത്തിൽ ക്ഷതം ഉണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞു. ആറ് ദിവസം വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് പെൺകുട്ടി ജീവൻ നിലനിർത്തിയത്. ഒടുവിൽ ചികിത്സ പരാജയപ്പെടുകയും ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയുമായിരുന്നു. പ്രതിയായ അനൂപ് പോലീസ് കസ്റ്റഡിയിലാണെന്നും കുറ്റസമ്മതം നടത്തിയതായും വിവരം പുറത്തുവന്നിട്ടുണ്ട്. തുടക്കത്തിൽ പെൺകുട്ടി ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങാൻ ശ്രമിച്ചുവെന്നാണ് അനൂപ് പറഞ്ഞത്. എന്നാൽ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ അത് സത്യമല്ലെന്ന് കണ്ടെത്തി. അനൂപ് തന്നെ ഷാൾ ഉപയോഗിച്ച് കഴുത്തിൽ മുറുക്കിയതാണ് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.