‘ജനം വാക്സിന്‍ ചോദിക്കുന്നു, നിങ്ങള്‍ ശവക്കല്ലറയിലെ കല്ല് നല്‍കുന്നു’ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശശി തരൂര്‍

കൊവിഡ് വ്യാപനത്തില്‍ പകച്ച ജനം ഗത്യന്തരമില്ലാതെ വാക്‌സിന്‍ ചോദിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുകയാണെന്ന് ശശി തരൂര്‍ എം.പി. ബൈബിള്‍ വചനം ഉദ്ധരിച്ചായിരുന്നു കേന്ദ്രത്തിന്‍റെ വീഴ്ചയില്‍ തരൂരിന്‍റെ വിമര്‍ശനം.

‘നിങ്ങളില്‍ ആരുടെയെങ്കിലും മകന്‍ ഭക്ഷണം ചോദിച്ചാല്‍ നിങ്ങള്‍ അവന് കല്ല് നല്‍കുമോ?’ എന്ന ബൈബിള്‍ വചനമാണ് ശശി തരൂര്‍ ഓര്‍മപ്പെടുത്തിയത്. ജനങ്ങള്‍ ഗത്യന്തരമില്ലാതെ വാക്‌സിന്‍ ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് ശവക്കല്ലറയിലെ കല്ല് നല്‍കുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങള്‍ നേരിട്ട് കൊവിഡ് വാക്‌സിന്‍ വാങ്ങാന്‍ ഒരുങ്ങുന്ന വാര്‍ത്തകള്‍ക്കിടെയാണ് ശശി തരൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പതിനൊന്ന് സംസ്ഥാനങ്ങളാണ് വിദേശത്ത് നിന്ന് നേരിട്ട് വാക്‌സിന്‍ വാങ്ങാന്‍ തയാറെടുക്കുന്നത്.

2018ലെ പ്രളയ കാലത്ത് കേരളം ദുരിതം അനുഭവിച്ച ഘട്ടത്തില്‍ യു.എ.ഇ സംസ്ഥാനത്തിന് നേരിട്ട് സഹായം ചെയ്യുന്നത് തടഞ്ഞ സര്‍ക്കാരാണിത്. അതാണ് മാനദണ്ഡമെങ്കില്‍ കേന്ദ്രം നേരിട്ട് വാക്സിന്‍ വിതരണം ചെയ്യുന്നതിന് പകരം വിദേശത്തുനിന്ന് വാക്സിന്‍ വാങ്ങാന്‍ സംസ്ഥാനങ്ങളോട് എങ്ങനെ പറയാന്‍ കഴിയുമെന്നും ശശി തരൂര്‍ ചോദിച്ചു.

Comments (0)
Add Comment