മുത്തലാഖ് ബില്ലിനെ ശക്തമായി എതിര്‍ത്ത് ലോക്സഭയില്‍ ശശി തരൂര്‍

Jaihind Webdesk
Monday, December 17, 2018

ShashiTharoor MP

മുത്തലാഖ് ബില്ലിനെ ലോക്‌സഭയില്‍ ശക്തമായി എതിര്‍ത്ത് ശശി തരൂര്‍. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുകയും മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന മുസ്ലീം പുരുഷന് മൂന്ന് വര്‍ഷം തടവുശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. എന്നാല്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ബില്ലിനെ ശക്തമായി എതിര്‍ത്തു. മുത്തലാഖ് ബില്ല് ഒരു സമുദായത്തെ മാത്രം ലക്ഷ്യമിട്ടുള്ള നിയമ നിർമാണമാണിതെന്നും വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. വിവാഹ മോചനം വ്യക്തിപരമായ കുറ്റകൃത്യമായി കണക്കാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസിന്‍റെ ശക്തമായ എതിർപ്പിനിടയിലും ബില്ല് അവതരണത്തിന് സ്പീക്കർ അനുമതി നൽകിയെങ്കിലും പ്രതിപക്ഷ ബഹളത്തെത്തുടർന്ന് നിർത്തിവയ്ക്കുകയായിരുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമായാണ് ഭരണപക്ഷം പുതിയ ബില്‍ അവതരിപ്പിച്ചത്.  ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്ല് രാജ്യസഭയില്‍ ഇതുവരെയും പാസാക്കാനായിട്ടില്ല.  പാര്‍ലമെന്‍റിന്‍റെ ഇരുസഭകളുടേയും അംഗീകാരം ലഭിക്കാത്ത പക്ഷം സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരേണ്ടി വരും.

 

https://www.youtube.com/watch?v=FX-VKUsc5ss&feature=youtu.be