ഷാരോണ്‍ വധക്കേസ്: പ്രതി ഗ്രീഷ്മയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Monday, April 22, 2024

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിലെ  പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.  കേസിലെ അന്തിമ റിപ്പോർട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട്  നല്‍കിയ ഹർജിയാണ് പരിഗണിക്കുന്നത്.  ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ നിയമപരമായ അധികാരമില്ലെന്നും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കേ അന്തിമ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ കഴിയൂ എന്നുമാണ് ഹര്‍ജിയിലെ വാദം. പ്രതി ഗ്രീഷ്മയ്ക്ക് വേണ്ടി അഭിഭാഷകൻ ശ്രീറാം പാറക്കാട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.

ഗ്രീഷ്മയ്ക്കു പുറമെ കേസിലെ രണ്ടും മൂന്നും പ്രതികളായ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മലകുമാരന്‍ നായരുമാണ് ഹര്‍ജിക്കാര്‍. 2022 ഒക്ടോബര്‍ 14-നാണ് ഗ്രീഷ്മ കാമുകന്‍ ഷാരോണ്‍ രാജിനെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്തിയത്. പ്രണയബന്ധത്തില്‍നിന്നു പിന്മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു സംഭവം. ശാരീരിക അസ്വാസ്ഥ്യം നേരിട്ടതോടെ ഷാരോണിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഷാരോണ്‍ മരണത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ ആദ്യം സ്വാഭാവിക മരണമെന്ന നിഗമനത്തിലായിരുന്നു  പോലീസ് എത്തിച്ചേർന്നത്. എന്നാല്‍ പിന്നീട് പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷാരോണിനെ ഗ്രീഷ്മ വിഷം കൊടുത്ത് കൊല്ലുകയായിരുന്നെന്ന് കണ്ടെത്തിയത്.