ഹിന്ദി സംസാരിക്കില്ല, താടിയും കോട്ടുമില്ലെന്ന വ്യത്യാസം മാത്രം; പിണറായി ഭരണം മോദി ഭരണത്തിന്‍റെ മലയാളം പതിപ്പെന്ന് ഷാഫി പറമ്പില്‍ | VIDEO

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. കളമശേരിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനെതിരായ പോലീസ് നരനാട്ടുമായി ബന്ധപ്പെട്ട് സഭയില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. നരേന്ദ്ര മോദി ഭരണത്തിന്‍റെ മലയാള പരിഭാഷയാണ് പിണറായി ഭരണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഹിന്ദി സംസാരിക്കില്ല, താടിയില്ല, കോട്ടിട്ടില്ല എന്ന വ്യത്യാസം മാത്രമാണുള്ളതെന്നും ഷാഫി പരിഹസിച്ചു.

‘‘ആന്തോളൻ ജീവികൾ, അർബൻ നക്സലുകൾ, മാവോയിസ്റ്റുകൾ, തുക്കടേ തുക്കടേ ഗാംഗ്. ഇതൊക്കെ കേന്ദ്രത്തിൽനിന്ന്, നരേന്ദ്ര മോദിയിൽനിന്ന്, ഫാസിസ്റ്റുകളിൽനിന്ന്, സംഘപരിവാറിൽനിന്ന് നമ്മൾ കേൾക്കുന്ന വാക്കുകളാണ്. കെ റെയിലിനെതിരായും നികുതി ഭീകരതയ്ക്ക് എതിരായും സമരം ചെയ്യുമ്പോൾ ഇവിടെ കേൾക്കുന്ന വാക്കുകളോ. തെക്കുവടക്ക് വിവരദോഷികൾ, തെക്കുവടക്ക് വികസന വിരോധികൾ, തീവ്രവാദികൾ, കേരള വികസന വിരുദ്ധർ. ചുരുക്കത്തിൽ നരേന്ദ്ര മോദി സർക്കാരിന്‍റെ മലയാള പരിഭാഷയായി പിണറായി വിജയൻ സർക്കാർ മാറി എന്നതിന് ഇതിൽ കൂടുതൽ എന്തു തെളിവാണ് വേണ്ടത്? എന്തിനാണ് സമരങ്ങളോട് ഇത്ര അസഹിഷ്ണുത? താടിയില്ലെന്നതും ഹിന്ദി പറയില്ലെന്നതും കോട്ടിട്ടിട്ടില്ലെന്നതും മാത്രമാകരുത് ഇരുവരും തമ്മിലുള്ള വ്യത്യാസം” – ഷാഫി പറമ്പില്‍ പറഞ്ഞു.

സിപിഎം ക്രിമിനലായ ആകാശ് തില്ലങ്കേരി പുറത്ത് പാട്ടുംപാടി നടക്കുമ്പോൾ യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ ജയിലിൽ അടയ്ക്കാനാണ് സർക്കാർ വ്യഗ്രത കാണിക്കുന്നതെന്ന് ഷാഫി പറമ്പിൽ വിമർശിച്ചു. ഉറങ്ങിക്കിടന്ന യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ പോലും കരുതല്‍ തടങ്കലിലാക്കുകയാണ് മുഖ്യമന്ത്രിയുടെ പോലീസ്. സ്പീക്കറുടെ കസേര വലിച്ചെറിഞ്ഞവരെ മന്ത്രിമാരാക്കിയവരാണ് ഈ സർക്കാരിനെ നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കരിങ്കൊടി പ്രതിഷേധത്തെ പുച്ഛിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെയും ഷാഫി സഭയില്‍ പൊളിച്ചുകാട്ടി. പാർട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ കരിങ്കൊടി പ്രതിഷേധത്തെ ന്യായീകരിച്ച് നടത്തിയ വാചകം ഷാഫി സഭയില്‍ ആവർത്തിച്ചു. “കരിങ്കൊടി കാണിക്കാൻ പോകുന്നവരുടെ കയ്യിൽ മുഖ്യമന്ത്രിക്കു നേരെ വീശാനുള്ള കറുത്ത തുണി മാത്രമേയുള്ളൂ. ആ തുണിക്കു പകരം തന്‍റെ ഷർട്ട് ഊരി വീശിയെന്നാണ് പറയുന്നത്. അത് ക്രിമിനൽ കുറ്റമാണോ? കരിങ്കൊടി ഇനിയും കാട്ടും കേട്ടോ. ഇത് എന്‍റെ വാക്കുകളല്ല. മുഖ്യമന്ത്രി പിണറായി വിജയൻ മുൻപ് പാർട്ടി സെക്രട്ടറിയായിരുന്ന കാലത്തെ വാക്കുകളാണ്” – ഷാഫി പറമ്പില്‍ പറഞ്ഞു. ജനാധിപത്യ രീതിയിൽ നടത്തുന്ന സമരങ്ങളെ ഇന്നു പുച്ഛിക്കുന്നവർ മുമ്പ് അവർ നടത്തിയ സമരങ്ങളെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്. യുവജന സംഘടനാ പ്രവർത്തകരെന്ന് പറയുന്നവർ  ആത്മനിന്ദയോടെ വേണം ഈ നിലപാടുകൾക്ക് കയ്യടിക്കാനെന്നും ഷാഫി പറഞ്ഞു.

 

https://www.youtube.com/watch?v=m4aBbXctEUg

Comments (0)
Add Comment