
പാലക്കാട് വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുന്ന ബിജെപിക്കെതിരെ ഷാഫി പറമ്പിൽ എം.പി രൂക്ഷവിമർശനം ഉന്നയിച്ചു. പാലക്കാടിനെ പണം കൊടുത്ത് വാങ്ങാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും, ഇവിടുത്തെ ജനങ്ങൾ തങ്ങളുടെ ആത്മാഭിമാനം പണയം വെക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തരേന്ത്യയിൽ ബിജെപി പയറ്റി ശീലിച്ച ഇത്തരം തന്ത്രങ്ങൾ കേരളത്തിൽ വിലപ്പോകില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
യുഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയവും ജനങ്ങളോടുള്ള പ്രതിബദ്ധതയുമാണ് പാലക്കാട് തങ്ങളെ വിജയത്തിലെത്തിക്കുന്നത്. നേരായ മാർഗ്ഗത്തിലൂടെ ജയിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ബിജെപി അധാർമ്മിക വഴികൾ തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് പ്രചാരണത്തിന് എത്തിയിട്ടും മണ്ഡലത്തിൽ സ്വാധീനമുണ്ടാക്കാൻ സാധിച്ചില്ലെന്ന് ബിജെപി സ്ഥാനാർത്ഥി തന്നെ പരോക്ഷമായി സമ്മതിച്ചിരിക്കുകയാണെന്നും, പരാജയം ബിജെപി മുൻകൂട്ടി കണ്ടുകഴിഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു.
രാജ്യം ഭരിക്കുന്ന പാർട്ടി തിരഞ്ഞെടുപ്പ് ചട്ടങ്ങളെയും ജനാധിപത്യത്തെയും പുല്ലുവിലയ്ക്കാണ് കാണുന്നതെന്ന് ഷാഫി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ‘ബിജെപി കമ്മീഷൻ’ അല്ലെന്ന് തെളിയിക്കണമെങ്കിൽ, ചട്ടലംഘനം നടത്തിയ ശോഭ സുരേന്ദ്രനെ അയോഗ്യയാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കണം. ബിജെപിയുടെ യഥാർത്ഥ മുഖം ഇപ്പോൾ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.