എസ്എഫ്ഐ ആള്‍മാറാട്ടം: തിരിമറി നടന്നത് സർവകലാശാല അധികൃതരുടെ ഒത്താശയോടെ; പ്രിൻസിപ്പലിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി

Jaihind Webdesk
Thursday, May 18, 2023

 

തിരുവനന്തപുരം:  കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ആൾമാറാട്ടം നടത്തുന്നതിന് സഹായിച്ച കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് ക്രിമിനൽ കേസ് എടുക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി കേരള വിസിയോട് ആവശ്യപ്പെട്ടു.

യൂണിവേഴ്സിറ്റി അധികൃതരുടെ ഒത്താശയോടു കൂടിയാണ് പ്രിൻസിപ്പൽ തിരിമറി നടത്തിയതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി ആരോപിച്ചു. പ്രിൻസിപ്പലിന്‍റെ ചുമതലയിൽ നിന്ന് തൽക്കാലം മാറ്റിനിർത്തി വിവാദം അവസാനിപ്പിക്കാനാണ്  സിൻഡിക്കേറ്റ് തലത്തിൽ നീക്കങ്ങൾ നടത്തുന്നത്.  മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി വോട്ടവകാശമുള്ള കൗൺസിലർമാരുടെ പേരു വിവരം യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാതിരുന്നത് തിരിമറി നടത്തുന്നതിന് സഹായകമായി. ചില സ്വാശ്രയ കോളേജുകളിൽ തിരഞ്ഞെടുപ്പ് നടത്താതെ പ്രിൻസിപ്പൽമാരെ സമ്മർദ്ദത്തിലാക്കി കൗൺസിലർമാരുടെ പേരുകൾ റിപ്പോർട്ട് ചെയ്തതായി ആക്ഷേപമുണ്ടെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ചെയർമാൻ ആർ.എസ് ശശികുമാറും സെക്രട്ടറി ഷാജർഖാനും  ചൂണ്ടിക്കാട്ടി.