യൂണിവേഴ്സിറ്റി കോളേജിന് പുറമെ തിരുവനന്തപുരം ആര്‍ട്സ് കോളജിലും എസ്.എഫ്.ഐയുടെ ഗുണ്ടായിസം

Jaihind News Bureau
Tuesday, July 16, 2019

യൂണിവേഴ്സിറ്റി കോളേജിന് പുറമെ തിരുവനന്തപുരം ആര്‍ട്സ് കോളജിലും എസ്.എഫ്.ഐയുടെ ഗുണ്ടായിസം. വനിതാ മതിലിനും എസ്.എഫ്.ഐ പ്രകടനത്തിനും പങ്കെടുക്കാന്‍ നേതാക്കള്‍ വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖ പുറത്തുവന്നു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ സമീര്‍ ഭീഷണിപ്പെടുത്തുന്നതിന്‍റെ ശബ്ദരേഖയാണ് പുറത്ത് വന്നത്.

യൂണിവേഴ്സിറ്റി കോളേജിലേതിന് സമാനമാണ് എസ്എഫ്ഐയുടെ മറ്റൊരു കോട്ടയായ ആർട്സ് കോളേജിലെയും സ്ഥിതിയെന്ന് ശബ്ദരേഖ വ്യക്തമാക്കുന്നു. യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ മുറി എസ്എഫ്ഐയുടെ ഇടിമുറിയാണെങ്കിൽ ഇവിടെ അത് വിചാരണകേന്ദ്രമാണ്. വനിതാ മതിൽ പ്രചാരണത്തിൽ പങ്കെടുക്കാതിരുന്ന പെൺകുട്ടികളെ നേതാക്കൾ ചോദ്യം ചെയ്യുന്നതാണ് ശബ്ദരേഖയിലുള്ളത്. പ്രചാരണപരിപാടിയില്‍ പങ്കെടുക്കാതിരുന്നതിന് അവരെ ഉച്ചത്തിൽ ഭീഷണിപ്പെടുത്തുന്നതാണ് ശബ്ദരേഖയിൽ ഉള്ളത്.

ഇത്തരം പരിപാടികളില്‍ പങ്കെടുക്കാതിരുന്നാല്‍‍ കോളേജില്‍ നിന്ന് തന്നെ പുറത്താക്കാറുണ്ടായിരുന്നെന്ന സൂചനയും ശബ്ദരേഖയിലുണ്ട്. ചോദ്യം ചെയ്യലിന് വിധേയരായ വിദ്യാർഥിനികൾ ഇപ്പോഴും കോളേജിൽ പഠിക്കുന്നവരായതിനാൽ തങ്ങളുടെ പേര് വിവരങ്ങൾ വെളിപെടുത്താൻ ഇവർക്ക് ഭയമാണ്. ആധ്യാപകർക്ക് പരാതി നൽകിയാലും നടപടി ഉണ്ടാകില്ലെന്നും ഇവർ പറയുന്നു.