തിരുവനന്തപുരം: തോന്നക്കല്‍ എ.ജെ. കോളേജില്‍ തെരഞ്ഞെടുപ്പില്‍ നോമിനേഷന്‍ നല്‍കിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കുനേരെ എസ്.എഫ്.ഐയുടെ ഗുണ്ടായിസം. കെ.എസ്.യു കോളേജ് യൂണിറ്റ് സെക്രട്ടറി നിഹാസിന്റെ വീട് ആക്രമിക്കുകയും വീട്ടുകാര്‍ക്കുനേരെ വധഭീഷണി മുഴക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് നോമിനേഷന്‍ അവസാന ദിവസമായ ഇന്നലെ കെഎസ്യു പ്രവര്‍ത്തകര്‍ എല്ലാ പാനലിലും നോമിനേഷന്‍ നല്‍കിയിരുന്നു. എസ്.എഫ്.ഐയുടെ നോമിനേഷന്‍ തള്ളിയതുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ഉന്തും തള്ളുമുണ്ടാകുകയും ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം.
തുടര്‍ന്ന് രാത്രി എ.ജെ കോളേജ് കെ.എസ്.യു യൂണിറ്റ് സെക്രട്ടറി നിഹാസിന്റെ മംഗലാപുരം കബറടിയിലെ വീട്ടില്‍ പതിനഞ്ചോളം എസ്എഫ്‌ഐക്കാര്‍ അതിക്രമിച്ചു കയറി വീട്ടിലെ ജനല്‍ച്ചില്ലുകളും വാതിലുകളും അടിച്ചു തകര്‍ത്തു. നിഹാസിന്റെ ഉമ്മയെയും വീട്ടിലുണ്ടായിരുന്ന ഹൃദ്രോഗിയായ ഉപ്പയെ മര്‍ദ്ദിച്ചു. നിഹാസിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ‘പറയുന്നത് എസ്എഫ്‌ഐ ആണെന്നും ചെയ്യും എന്നു പറഞ്ഞാല്‍ ചെയ്യുമെന്ന് ആക്രോഷിച്ചുകൊണ്ടായിരുന്നു ഗുണ്ടകളുടെ ആക്രമണം. എസ്.എഫ്.ഐ നേതാവായ അക്ഷയ് അജീഷിന്റെ നേതൃത്വത്തിലാണ് ഈ അക്രമം നടത്തിയതെന്ന് കെ.എസ്.യുക്കാര്‍ പറഞ്ഞു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് 15 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അക്രമത്തെ അപലപിച്ച കെ.എസ്.യു എ.ജെ. കോളേജില്‍ പ്രതിഷേധദിനം ആചരിച്ചു.