ഗവർണറുടെ വാഹനം ആക്രമിച്ച് എസ്എഫ്ഐ; പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്നും ഗുണ്ടാരാജ് അനുവദിക്കില്ലെന്നും ഗവർണർ

Jaihind Webdesk
Monday, December 11, 2023

 

തിരുവനന്തപുരം:  തലസ്ഥാന നഗരിയില്‍ ഗവർണറുടെ വാഹനം ആക്രമിച്ച് എസ്എഫ്ഐ പ്രവർത്തകർ. കരിങ്കൊടിയുമായെത്തിയവരാണ് വാഹനം തടഞ്ഞ് ഗവർണറുടെ വാഹനത്തില്‍ അടിച്ച് പ്രതിഷേധിച്ചത്. പേട്ട പള്ളിമുക്കിൽ വെച്ചാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഗവർണറുടെ കാർ തടഞ്ഞ് ആക്രമിച്ചത്.

പിന്നാലെ ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങി പ്രതിഷേധിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ ‘ബ്ലഡി ക്രിമിനല്‍സ്’ എന്നും ‘കവാർഡ്സ്’ എന്നും വിളിച്ച ഗവര്‍ണര്‍ സംസ്ഥാനത്ത് ഭരണഘടനാ സംവിധാനം തകര്‍ന്നുവെന്നും തന്നെ വകവരുത്താന്‍ മുഖ്യമന്ത്രി ആളുകളെ അയയ്ക്കുന്നുവെന്നും ആരോപിച്ചു. മുഖ്യമന്ത്രി അറിഞ്ഞാണോ പ്രതിഷേധമെന്ന് ഗവര്‍ണര്‍ ചോദിച്ചു. ഇതാണോ തനിക്കൊരുക്കിയ സുരക്ഷയെന്ന് ആക്രോശിച്ച ഗവർണർ ക്രിമിനലുകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ശ്രമമാണെങ്കില്‍ അത് വിലപ്പോവില്ലെന്നും വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്ക് ഇതുപോലെ വരാന്‍ സമ്മതിക്കുമോ എന്ന് ഗവര്‍ണര്‍ ചോദിച്ചു. ശാരീരികമായി തന്നെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്നും പിന്നില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയാണെന്നും ഗവർണർ തുറന്നടിച്ചു. രാജ്ഭവനിൽ നിന്നും ഡൽഹിയിലേക്ക് പോകാനായി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. എസ്എഫ്ഐ പ്രവർത്തകരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു