സില്‍വര്‍ ലൈന്‍ പദ്ധതിക്ക് തിരിച്ചടി; വായ്പാ ബാധ്യത ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്രം

Jaihind Webdesk
Friday, October 22, 2021

ന്യൂഡല്‍ഹി : സിൽവർ ലൈൻ പദ്ധതിക്ക് കുരുക്കായി കേന്ദ്ര നിലപാട്. അതിവേഗ റെയിൽ പദ്ധതിയുടെ വായ്പാ ബാധ്യത ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യാന്തര ഏജൻസികളുടെ വായ്പാ ബാധ്യത സംബന്ധിച്ച് സംസ്ഥാനം വ്യക്തത വരുത്താനും കേന്ദ്രം നിർദേശം നൽകി. കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്.

33,700 കോടി രൂപ കേന്ദ്ര സർക്കാർ മുഖേന വിദേശ വായ്പ കണ്ടെത്താനായിരുന്നു സംസ്ഥാന സർക്കാരിന്‍റെ ശ്രമം. സംസ്ഥാനത്തിന് മാത്രമായി ബാധ്യത ഏറ്റെടുക്കാൻ കഴിയുമോ എന്ന് സംസ്ഥാന സർക്കാർ പരിശോധിച്ചതിന് ശേഷം അറിയിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിഷയത്തില്‍ തുടര്‍ചര്‍ച്ചകള്‍ നടത്താനും ധാരണയായി. റയിൽവേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. പദ്ധതിക്കായി ഏറ്റെടുക്കേണ്ട 1383 ഹെക്ടർ ഭൂമിയിൽ 1198 ഹെക്ടറും സ്വകാര്യവ്യക്തികളുടേതാണ്. സ്ഥലം ഏറ്റെടുക്കാനും പുനരധിവാസത്തിനുമായി 11837 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്.

അന്തിമ അനുമതി തേടി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് വായ്പാ ബാധ്യതയും ചർച്ചയായത്.   63,941 കോടിയാണ് സെമി ഹൈ സ്പീഡ് റെയില്‍ ലൈൻ പദ്ധതിയുടെ ആകെ ചെലവായി പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യതയും പരിസ്ഥിതിക്ക് കോട്ടവും സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പദ്ധതിയെ എതിര്‍ത്തിരുന്നു.