കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും എംഎല്‍എയുമായിരുന്ന കെ മുഹമ്മദലി അന്തരിച്ചു. 73 വയസായിരുന്നു. രാവിലെ 7 മണിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. സംസ്കാരം വിദേശത്തുള്ള മകൻ നാട്ടിലെത്തിയ ശേഷം.
ആറു തവണ ആലുവ നിയോജകമണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തി. ആലുവ പട്ടരുമഠം കൊച്ചുണ്ണിയുടെയും നബീസയുടെയും മകനായി 1946 മാർച്ച് 17 നാണ് ജനനം. കെഎസ്‌യുവിലൂടെ രാഷ്ട്രീയപ്രവേശം. യൂത്ത് കോൺഗ്രസ് ജില്ലാ, സംസ്ഥാന ഭരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്. 1970ൽ എറണാകുളത്ത് നടന്ന യൂത്ത് കോൺഗ്രസ് റാലിയിൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ പങ്കെടുപ്പിച്ചത് പ്രശസ്തി നേടിക്കൊടുത്തു.
എഐസിസി അംഗം, കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി വിപ്പ്, എംജി, കുസാറ്റ് സർവകലാശാലാ സെനറ്റ് അംഗം, കെടിഡിസി ഡയറക്ടർ, സിയാൽ ഡയറക്റ്റർ തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു. നസീം ബീവിയാണ് ഭാര്യ. രണ്ട് മക്കൾ.