കൊല്ലത്ത് നടക്കുന്ന ദേശീയ സീനിയർ വനിതാ ഹോക്കി ബി ഡിവിഷൻ ചാമ്പ്യൻഷിപ്പിലെ വാശിയേറിയ സെമിഫൈനൽ പോരാട്ടങ്ങൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ആദ്യ സെമിയിൽ എസ് എസ് ബി ചണ്ഡീഗഢ്, യൂക്കോബാങ്കിനെ നേരിടും. രണ്ടാം സെമിയിൽ എസ് പി എസ് ബി യും ബെംഗലരുവും തമ്മിലാണ് പോരാട്ടം
കളിച്ച നാല് മത്സരങ്ങളും ജയിച്ച എസ് എസ് ബി 35 ഗോളുകളുമായി മിന്നുന്ന പ്രകടനമാണ് ചാമ്പ്യൻഷിപ്പിൽ കാഴ്ചവച്ചിട്ടുള്ളത്. ഒൻപത് ഗോളുകൾ നേടിയ എസ് എസ് ബിയുടെ പ്രീതി സിമറാണ് ടൂർണമെന്റിലെ ടോപ് സ്കോറിംഗിൽ മുന്നിൽ നിൽക്കുന്നത്. ഒത്തൊരുമയുള്ള പ്രകടനമാണ് ബി ഡിവിഷൻ ടൂർണമെന്റിൽ ആദ്യമായി ഇറങ്ങിയ എസ് എസ് ബിയുടെ കരുത്ത്. വാശിയേറിയ മത്സരത്തിൽ പാട്യാലയെ മറികടന്നാണ് യൂക്കോബാങ്ക് സെമിയിലെത്തിയത്.പ്രിയ സെയ്നി-രാധ സെയ്നി സഹോദരിമാരുടെ മിന്നുന്ന പ്രകടനമാണ് ദീപ്തി ശർമ ക്യാപ്ടനായ ടീമിന്റെ കരുത്ത്. പരിശീലകൻ ബൽറാജ് സോധിയുടെ മകൾ പൂജയും മധ്യനിരയിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.വൈകീട്ട് നാലിന് നടക്കുന്ന രണ്ടാം സെമിയിൽ ബെംഗളുരു എസ് പി എസ് ബിയുമായി ഏറ്റുമുട്ടും.നാല് മത്സരങ്ങളിൽ നിന്നും ആകെ 17 ഗോളുകളാണ് എസ് പി എസ് ബി സ്കോർ ചെയ്തത്. മുംബൈയെ തോൽപിച്ച് സെമിയിലെത്തിയ എസ് പി എസ് ബി ടീം ടൂർണമെന്റിൽ ഇതേവരെ തോൽവി അറിഞ്ഞിട്ടില്ല. മംമ്ത ഭട്ട് ക്യാപ്ടനായ ടീമീൽ ധവാൽ മനീഷയും ആകാംക്ഷ ശുക്ലയും ഉൾപ്പെടെ മികവുറ്റ നിര ഏറെയുണ്ട്. ഗുജറാത്തിനെ തകർത്താണ് ബെംഗളുരു സെമിയിലെത്തിയത്.നാളെ വൈകീട്ട് നാലിനാണ് ടൂർണമെന്റിലെ കിരീടപ്പോരാട്ടം. അന്നേ ദിവസം രണ്ട് മണിക്ക് ലൂസേഴ്സ് ഫൈനൽ നടക്കും.