‘ബയോവെപ്പൺ’ പരാമര്‍ശം: അയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുത്ത് കവരത്തി പൊലീസ്

Jaihind Webdesk
Thursday, June 10, 2021

കവരത്തി : ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ നടത്തിയ പരാമര്‍ശത്തിന് ദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ അയിഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസ് എടുത്തു. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരെ ലക്ഷദ്വീപിലെ ബിജെപി അധ്യക്ഷൻ നൽകിയ പരാതിയിലാണ് കവരത്തി പൊലീസ് കേസെടുത്തത്.

അയിഷ സുൽത്താനയുടെ ‘ബയോവെപ്പണ്‍’ പരാമർശത്തിന് പിന്നാലെ ബിജെപി രംഗത്തെത്തിയിരുന്നു. ആ വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ച് തന്നെയാണെന്നും  പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു ജൈവായുധം പോലെ തനിക്ക് തോന്നിയെന്നും പിന്നീട് ഫേസ്ബുക്ക് കുറിപ്പിൽ അയിഷ സുൽത്താന വ്യക്തമാക്കുകയും ചെയ്തു. 124 A ,153 B എന്നീ ദേശവിരുദ്ധ വകുപ്പുകൾ ചുമത്തിയാണ് അയിഷക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അയിഷ സുൽത്താനയ്ക്ക് പിന്തുണയുമായി ലക്ഷദ്വീപ് സാഹിത്യ പ്രവർത്തക സംഘം രം​ഗത്തെത്തിയിട്ടുണ്ട്.