ശ്രീലങ്കയില്‍ വീണ്ടും സ്ഫോടനം: ഇന്ത്യയിലും അതീവ ജാഗ്രതാനിർദേശം; തീരസുരക്ഷ കര്‍ശനമാക്കി

Jaihind Webdesk
Monday, April 22, 2019

Sri-Lanka-Blast

ശ്രീലങ്കയിലെ സ്ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലും അതീവ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. കേരളം ഉൾപ്പെടെ രാജ്യത്തിന്‍റെ സമുദ്രതീരങ്ങളിലെല്ലാം തീരസംരക്ഷണ സേന സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇന്ന് കൊളംബോയില്‍ ഒരു സ്ഫോടനം കൂടി റിപ്പോര്‍ട്ട് ചെയ്തു. ആളപായമില്ല. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്ഫോടന പരമ്പരയില്‍ ഏകദേശം മുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും അഞ്ഞൂറിലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഭീകരാക്രമണം നടത്തിയവര്‍ സമുദ്രമാര്‍ഗം  ഇന്ത്യയിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നാണ് രാജ്യത്ത് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തുന്ന ബോട്ടുകള്‍‌ നിരീക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനുമായി നിരീക്ഷണ കപ്പലുകളും ഡോർണിയർ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്.

അതേസമയം ആശങ്ക ഉയര്‍ത്തി ഇന്ന് വീണ്ടും കൊളംബോയില്‍ സ്ഫോടനം ഉണ്ടായി. കൊളം ബോയിലെ പള്ളിക്ക് സമീപം വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊളംബോയിൽ ബസ് സ്റ്റാൻഡിന് മുന്നിൽ നടത്തിയ തെരച്ചിലില്‍ 87 ഡിറ്റണേറ്ററുകൾ കണ്ടെത്തി.  ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ മുതല്‍ എട്ടിടങ്ങളിലാണ്  സ്ഫോടനമുണ്ടായത്.

പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരില്‍ മലയാളി യുവതി ഉള്‍പ്പെടെ ആറ് ഇന്ത്യക്കാരുമുണ്ടെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. നാഷനല്‍ തൗഹീദ് ജമാത് എന്ന സംഘടനയാണ് സ്ഫോടനത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. 290 പേര്‍ കൊല്ലപ്പെടുകയും 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തെന്നാണ് ഇതുവരെ ഉള്ള റിപ്പോര്‍ട്ട്.

ഈസ്റ്റർ ദിനത്തിലെ സ്ഫോടന പരമ്പരയെ തുടർന്ന് ശ്രീലങ്കന്‍ പ്രസിഡന്‍റ് മൈത്രിപാല സിരിസേന രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭീകരാക്രമണം സംബന്ധിച്ച ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും ജാഗ്രത പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടതായി പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു.