സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയനിഴലില്‍ സര്‍ക്കാർ ; മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുത്തവരുടെ മുഖം കൂടുതല്‍ വികൃതമായി : ഉമ്മന്‍ ചാണ്ടി

Jaihind News Bureau
Tuesday, October 6, 2020

 

തിരുവനന്തപുരം:  സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയനിഴലിലാണ് സര്‍ക്കാരെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാധ്യമങ്ങള്‍ക്കെതിരെ കേസ് കൊടുത്ത സര്‍ക്കാരിന്‍റെ മുഖം ഇപ്പോള്‍ കൂടുതല്‍ വികൃതമായെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. സെക്രട്ടേറിയറ്റിന് തീവച്ചെന്ന് സംശയിക്കുന്നവരെ വെറുതേ വിടരുതെന്നും അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

തിരുവനന്തപുരത്തിന്റെ മാത്രമല്ല, കേരളത്തിന്റെ കൂടി അഴകും അഭിമാനവുമാണ് ഒന്നര നുറ്റാണ്ട് പഴക്കമുള്ള സെക്രട്ടേറിയറ്റ്. എത്രയോ ഭരണാധികാരികള്‍ ഇവിടെയിരുന്നിട്ടുണ്ട്. നാടിനു ഗുണകരായ എത്രയോ തീരുമാനങ്ങള്‍ എടുത്തിരിക്കുന്നു. പ്രൗഢഗംഭീരമായ സെക്രട്ടേറിയറ്റ്! കേരളത്തെ ഇന്നു കാണുന്ന കേരളമാക്കിയത് ഇവിടെയിരുന്ന് എടുത്ത തീരുമാനങ്ങളും പുറപ്പെടുവിച്ച ഉത്തരവുകളുമാണ്.

എന്നാല്‍, സെക്രട്ടേറിയറ്റിന് തീവച്ചവര്‍ എന്ന സംശയത്തിന്റെ നിഴലിലാണ് ഈ സര്‍ക്കാര്‍.
ശാസ്ത്രീയമായ പരിശോധനയ്ക്ക് സര്‍ക്കാര്‍ തന്നെ നിയോഗിച്ച ഫോറന്‍സിക് സയന്‍സിന്റെ കണ്ടെത്തല്‍, കത്തിക്കപ്പെട്ട മുറിയിലെ 24 വസ്തുക്കള്‍ പരിശോധിച്ചപ്പോള്‍ അവയിലൊന്നും ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ്. സാനിറ്റൈസര്‍ പോലും പോറലേല്ക്കാതെ ഇരിപ്പുണ്ടായിരുന്നു. അന്നു വാര്‍ത്ത കൊടുത്ത മാധ്യമങ്ങള്‍ക്കെതിരേ കേസു കൊടുത്ത സര്‍ക്കാരിന്റെ മുഖം ഇപ്പോള്‍ കൂടുതല്‍ വികൃതമായി. സെക്രട്ടേറിയറ്റിന് തീവച്ചെന്നു സംശയിക്കുന്നവരെ വെറുതെ വിടരുത്. അര്‍ഹിക്കുന്ന ശിക്ഷ അവര്‍ക്ക് നല്കുക തന്നെ വേണം.