‘പരീക്ഷയെഴുതിയത് മാനസിക സംഘർഷങ്ങൾക്കിടെ’; എംഎ ഭരതനാട്യത്തിൽ രണ്ടാം റാങ്ക്, സന്തോഷം പങ്കുവെച്ച് ആർ.എൽ.വി. രാമകൃഷ്ണൻ

Jaihind Webdesk
Wednesday, June 12, 2024

 

കൊച്ചി:  നൃത്തത്തിൽ ഡബിൾ എംഎ നേടിയ സന്തോഷം പങ്കുവെച്ച് ആർ.എൽ.വി. രാമകൃഷ്ണൻ. എംഎ ഭരതനാട്യത്തിൽ രണ്ടാം റാങ്ക് നേടിയത് ഫേസ്ബുക്കിലൂടെ ആർ.എൽ.വി. രാമകൃഷ്ണൻ പങ്കുവെച്ചു. കടുത്ത മാനസിക സംഘർഷങ്ങള്‍ക്കിടയിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരീ സഹോദരന്മാരുടെയും അനുഗ്രഹത്തോടെ നൃത്തത്തിൽ ഡബിൾ എംഎക്കാരനായെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  അതേസമയം ആർ.എൽ.വി. രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമയ്ക്ക് മുൻകൂർ ജാമ്യം കോടതി അനുവദിച്ചില്ല. സത്യഭാമയോട് ഒരാഴ്ചക്കുളളിൽ കീഴടങ്ങാൻ ഹൈക്കോടതി നിർദ്ദേശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കട്ടെ!

കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കാലടി സംസ്കൃത സർവ്വകലാശാലയിൽ എം.എ ഭരതനാട്യം ഫുൾ ടൈം വിദ്യാർത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസൾട്ട് വന്നു. എം.എ ഭരതനാട്യം രണ്ടാം റാങ്കിന് അർഹനായ വിവരം എൻ്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രശ്നങ്ങൾക്കിടയിലായിരുന്നുപരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാനസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരി സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തിൽ ഡബ്ബിൾ എം.എ കാരനായി