ഛത്തീസ്ഗഢില്‍ ബി.ജെ.പിക്ക് അടിതെറ്റും

Jaihind Webdesk
Sunday, November 18, 2018

Congress-win

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പുകളില്‍ വീറും വാശിയുമുള്ള പോരാട്ടമാണ് ഛത്തീസ്ഗഢില്‍ നടക്കുന്നത്. ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പോടുകൂടി ഛത്തീസ്ഗഢിലെ മുഴുവന്‍ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് പൂര്‍ത്തിയാകും.

ഭരണവിരുദ്ധ വികാരം അനുകൂലമാക്കാന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നേതാക്കളെല്ലാം തന്നെ ശക്തമായ പ്രചരണമായിരുന്നു കാഴ്ചവെച്ചത്.

മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ നടന്ന ആദ്യ ഘട്ട വോട്ടെടുപ്പില്‍ 76 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രി രമണ്‍ സിംഗ് ഉള്‍പ്പെടെ മല്‍സരിച്ച 18 മണ്ഡലങ്ങളിലായിരുന്നു ആദ്യ ഘട്ടം തെരഞ്ഞെടുപ്പ് നടന്നത്. കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ഛത്തീസ്ഗഡില്‍ നടക്കുന്നത്. കോണ്‍ഗ്രസിന് മുന്‍തൂക്കം ഉണ്ടെന്നാണ് വിവിധ സര്‍വേകള്‍ പറയുന്നത്. ബിജെപി വോട്ട് ഷെയര്‍ -41.6 ശതമാനം, കോണ്‍ഗ്രസ് വോട്ട് ഷെയര്‍ -42.2 ശതമാനം എന്നിങ്ങനെയാണ് സര്‍വേ ഫലം.

ഈ മാസം പന്ത്രണ്ടിനായിരുന്നു ഛത്തീസ്ഗഡിലെ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. കാര്‍ഷികമേഖലയിലെ തകര്‍ച്ചയും സംസ്ഥാനം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും ഭരണവിരുദ്ധ വികാരവും രമണ്‍സിംഗിനും ബി.ജെ.പിക്കും തിരിച്ചടിയാകും എന്ന സൂചനകളാണ് പ്രചരണ രംഗത്തുനിന്നും വ്യക്തമാകുന്നത്.