ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞ് ബി.ജെ.പി

Jaihind Webdesk
Tuesday, December 11, 2018

Rahul-Raman-Singh

ഛത്തീസ്ഗഢില്‍ കണ്ടത് കോണ്‍ഗ്രസിനൊപ്പം അണിനിരന്ന ജനതയെ. കോണ്‍ഗ്രസിന്‍റെ പടയോട്ടത്തില്‍ തകര്‍ന്നത് 15 വര്‍ഷത്തെ ബി.ജെ.പി കോട്ടയുടെ അസ്ഥിവാരം. നാലാമതും മുഖ്യമന്ത്രിക്കസേരിയിലിരിക്കാനുള്ള രമണ്‍സിംഗിന്‍റെ മോഹങ്ങളും പൊലിഞ്ഞു. രമണ്‍സിംഗിന്‍റെ 15 വര്‍ഷത്തെ ഭരണത്തിനാണ് തിരശീല വീണത്. ആകെയുള്ള 90 ല്‍ 68 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്തപ്പോള്‍ ബി.ജെ.പിക്ക് ആധിപത്യം ലഭിച്ചത് വെറും 15 സീറ്റുകളില്‍ മാത്രം.

വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെച്ചെങ്കിലും തുടര്‍ന്നുള്ള മണിക്കൂറുകളില്‍ ബി.ജെ.പിയെ നിഷ്പ്രഭമാക്കി കോണ്‍ഗ്രസ് കുതിക്കുന്ന കാഴ്ചയാണ് കണ്ടത്. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങള്‍ പോലും കോണ്‍ഗ്രസ് പിടിച്ചടക്കി. ബി.ജെ.പിയുടെ പ്രധാന നേതാക്കള്‍ക്കുപോലും അടിതെറ്റി.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായകമായി. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് മുന്നോട്ടുവന്നതും വോട്ടര്‍മാരെ സ്വാധീനിച്ച ഘടകമായി. ഏറ്റവും കൂടുതല്‍ ഭരണവിരുദ്ധവികാരം ബി.ജെ.പിക്ക് നേരിടേണ്ടിവന്ന സംസ്ഥാനം ഛത്തീസ്ഗഢ് ആയിരുന്നു എന്നതും തെരഞ്ഞെടുപ്പ് ഫലത്തോടെ വ്യക്തമായി. അജിത് ജോഗിയുടെ മൂന്നാം മുന്നണിക്ക് ഛത്തീസ്ഗഢ് വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ സ്വാധീനം ചെലുത്താനായില്ല.