പോസ്റ്റല്‍ ബാലറ്റ് തിരിമറി തടയാന്‍ സീല്‍ ചെയ്ത ബോക്‌സുകള്‍ ഉപയോഗിക്കണം ; തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

 

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റിലെ തിരിമറി തടയുന്നതിനായി സീല്‍ ചെയ്ത ബാലറ്റ് ബോക്‌സുകളുപയോഗിച്ച് അവ ശേഖരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി. എണ്‍പത് വയസ് കഴിഞ്ഞവര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റാണ് ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പക്ഷേ ഇത് ഇടതുപക്ഷം വ്യാപകമായി ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ട്.

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഇടതു അനുഭാവികളായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ ശേഖരിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ തുറന്നു നോക്കുകയും അവ ഭരണ പക്ഷത്തിന് എതിരാണെന്ന് കാണുകയാണെങ്കില്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യാപകമായ പരാതിയാണ് ഇത് സംബന്ധിച്ചുണ്ടായത്. ഇത്തവണയും ഇത് ആവര്‍ത്തിക്കാന്‍ സാദ്ധ്യതയുണ്ട്. അതിനാല്‍ വീടുകളിലെത്തി പോസ്റ്റല്‍ വോട്ടുകള്‍ ശേഖരിക്കുന്നതിന് സീല്‍ ചെയ്ത ബാലറ്റ് പെട്ടികള്‍ തന്നെ ഉപയോഗിക്കുകയും സ്വതന്ത്രവും നിക്ഷപക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ പഴുതില്ലാത്ത സംവിധാനം ഉറപ്പു വരുത്തുകയും വേണമെന്ന് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കത്തില്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment