ഒന്നരവർഷത്തിന് ശേഷം വീണ്ടും അക്ഷര മുറ്റത്തേക്ക്

കൊവിഡ് പ്രതിസന്ധിയിൽ ഒന്നര വർഷത്തിലേറെയായി അടഞ്ഞു കിടന്ന സ്കൂളുകൾ ആദ്യഘട്ടമായി തുറന്നപ്പോൾ എറണാകുളം ജില്ലയിലെ മുപ്പത്തടം ഗവൺമെന്റ് എച്ച്എസ്എസിലെ കാഴ്ച. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

തിരുവനന്തപുരം : കൊവിഡിനോടു പൊരുതി കേരളം വീണ്ടും സ്കൂൾ കാലത്തിലേക്ക്. സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8.30ന് തിരുവനന്തപുരം ഗവ. കോട്ടൺഹിൽ യുപി സ്കൂളിൽ നടന്നു. കൊവിഡ് വ്യാപനം തടയാൻ കർശനമായ സുരക്ഷാ പാഠങ്ങളുമായി 42 ലക്ഷത്തോളം കുട്ടികളാണ് 19 മാസത്തിനു ശേഷം വീണ്ടും സ്കൂളുകളിലെത്തുന്നത്. തിരക്ക് ഒഴിവാക്കാൻ 8, 9 ക്ലാസുകൾ 15 നാണു തുടങ്ങുക. പ്ലസ് വൺ ക്ലാസുകളും 15നു തുടങ്ങും.

പ്രൈമറി, 10, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്നു മുതല്‍ അധ്യയനം തുടങ്ങുന്നത്. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സ്കൂള്‍ പ്രവേശനം. നവംബര്‍ 15 വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ ഉച്ച വരെയാണ് ക്ലാസ്. ഓണ്‍ലൈന്‍ ക്ളാസുകളും സമാനമായി നടക്കും. രക്ഷാകര്‍ത്താക്കളുടെ ആശങ്ക ഒഴിവാക്കാന്‍ ഹാജര്‍ നിര്‍ബന്ധമാക്കിയിട്ടില്ല.

ഇന്ന് 35 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ സ്കൂളിലെത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ കണക്ക്. പത്താം ക്ലാസ് പരീക്ഷയടക്കം നടത്തി വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് വകുപ്പ്. രണ്ടു ഡോസ് വാക്സിൻ എടുത്ത അധ്യാപകർക്കും അനധ്യാപകർക്കും മാത്രമാണ് സ്കൂളിലേക്ക് വരാൻ അനുമതി.

 

 

 

 

Comments (0)
Add Comment