പ്രധാനമന്ത്രിയുടെ കോയമ്പത്തൂർ റോഡ് ഷോയില്‍ സ്കൂള്‍ കുട്ടികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചു; അന്വേഷണം, പ്രധാന അധ്യാപികയ്‌ക്കെതിരെ നടപടി

Jaihind Webdesk
Tuesday, March 19, 2024

 

പ്രധാനമന്ത്രിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയിൽ സ്‌കൂൾ കുട്ടികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചതിന് പ്രധാന അധ്യാപികയ്ക്കെതിരെ നടപടി. സംഭവത്തില്‍ ജില്ലാ കളക്ടറുടെ അന്വേഷണം. തൊഴിൽ-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഹെഡ് മാസ്റ്റർക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്നും സ്‌കൂൾ മാനേജ്‌മെന്‍റിന് കത്ത്. കോയമ്പത്തൂർ സായി ബാബ സ്‌കൂൾ അധികൃതർക്കെതിരെയാണ് നടപടി. സംഭവത്തില്‍ 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നിർദ്ദേശിച്ചു. വിദ്യാര്‍ത്ഥികൾക്കൊപ്പം റാലിയിൽ പങ്കെടുത്ത അധ്യാപകര്‍ക്കെതിരെയും നടപടിക്ക് സ്കൂൾ മാനേജ്മെന്‍റിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിട്ടാണ് വന്നതെന്ന് കുട്ടികൾ പറഞ്ഞതോടെയാണ് പരാതി ഉയർന്നത്. ശ്രീ സായി ബാബ എയ്‌ഡഡ് മിഡിൽ സ്കൂളിലെ 50-തോളം കുട്ടികൾ യൂണിഫോം ധരിച്ച് റോഡ് ഷോയിൽ നിൽക്കുന്ന ദൃശ്യങ്ങൾ മാധ്യമപ്രവർത്തക എക്സിൽ പോസ്റ്റ്‌ ചെയ്തിരുന്നു. സംഭവം പരിശോധിക്കുമെന്നും കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുപ്പിക്കരുതെന്ന് നിർദേശം ഉണ്ടെന്നും മുഖ്യ വിദ്യാഭ്യാസ ഓഫീസർ എം. ബാലമുരളി പ്രതികരിച്ചിരുന്നു.

കോയമ്പത്തൂരിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് ആദ്യം അനുമതി നിഷേധിച്ചു. പിന്നീട് ബിജെപി നേതൃത്വം ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ച് റോഡ് ഷോയ്ക്ക് അനുമതി വാങ്ങുകയായിരുന്നു. നിബന്ധനകളോടെയാണ് അനുമതിയെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളും പരീക്ഷകളും ചൂണ്ടിക്കാട്ടിയായിരുന്നു കോയമ്പത്തൂർ പോലീസ് അനുമതി നിഷേധിച്ചത്.