ശബരിമല ഭരണ നിർവഹണത്തിന് പ്രത്യേക നിയമം വേണം; മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുത് : ജ. രമണ

Jaihind News Bureau
Wednesday, November 20, 2019

Sabarimala

ശബരിമല ഭരണ നിർവഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യരുതെന്നും കോടതി വ്യക്തമാക്കി. നാലാഴ്ചയ്ക്കകം നിയമം കൊണ്ടുവരണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് രമണയുടേതാണ് നിര്‍ദേശം.

പന്തളം രാജകുടുംബാംഗം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റിസ് രമണയുടെ നിർദേശം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാക്ഷേത്രങ്ങളുടെയും ഭരണ നിര്‍വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പന്തളം രാജകുടുംബം കോടതിയെ സമീപിച്ചത്.

തിരുവിതാംകൂര്‍- കൊച്ചി ഹിന്ദു ആരാധനാലയ നിയമം 2019 ന്‍റെ കരട് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. അതില്‍ ഭരണ സമിതി അംഗങ്ങളായി സ്ത്രീകളെയും ഉള്‍പ്പെടുത്തുമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍ കേസ് ഇന്ന് രണ്ടു തവണ പരിഗണനയ്ക്ക് എടുത്തപ്പോഴും ഏഴംഗ ബെഞ്ച് വിധി എതിരായാല്‍ പിന്നെ എങ്ങനെ അവിടെ വനിതാ അംഗങ്ങള്‍ക്ക് പ്രവേശിക്കാനാകുമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് ജസ്റ്റിസ് എന്‍.വി. രമണ ചോദിച്ചു.