ശബരിമല: പുനഃപരിശോധനാ ഹർജികള്‍ തുറന്ന കോടതിയില്‍; ജനുവരി 22ന് വാദം കേള്‍ക്കും

webdesk
Tuesday, November 13, 2018

ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ തുറന്ന കോടതിയിൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്‍റേതാണ് തീരുമാനം.

ജനുവരി 22ന് പുനഃപരിശോധനാ ഹർജികളിലും റിട്ട് ഹർജികളിലും വാദം കേള്‍ക്കും. സർക്കാരിനും ദേവസ്വം ബോര്‍ഡിനും മറ്റ് എതിര്‍കക്ഷികള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയക്കും. 50 പുനഃപരിശോധനാ ഹര്‍ജികളാണ് ആകെ ലഭിച്ചത്. നടപടിക്രമങ്ങള്‍ ചീഫ് ജസ്റ്റിസിന്‍റെ ചേംബറിലായിരുന്നതിനാല്‍ ഹർജിക്കാർക്കും അഭിഭാഷകർക്കും ചേംബറിൽ പ്രവേശനം അനുവദിച്ചിരുന്നില്ല.

കഴിഞ്ഞ സെപ്റ്റംബർ 28നാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. അന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഒഴികെയുള്ളവര്‍ യുവതീപ്രവേശത്തെ അനുകൂലിച്ചു. അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.എ ഖാൻവിൽക്കർ, ഡി.വൈ ചന്ദ്രചൂഢ്, റോഹിന്‍റണ്‍ നരിമാൻ എന്നിവരാണ് യുവതീപ്രവേശത്തെ അനുകൂലിച്ച് നിലപാട് സ്വീകരിച്ചത്. ദീപക് മിശ്ര വിരമിച്ചതിനാല്‍ ബെഞ്ചിലെ മറ്റ് നാല് അംഗങ്ങളും നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയും ഉള്‍പ്പെട്ട ബെഞ്ചാണ് പുനഃപരിശോധനാ ഹർജികള്‍ പരിശോധിക്കുന്നത്.