റഫാൽ കേസിൽ പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ചോർന്ന രേഖകൾ പരിഗണിക്കണോ എന്ന കാര്യത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. മൂന്നംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും ജസ്റ്റിസ് കെ.എം. ജോസഫുമാണ് വിധികൾ എഴുതിയിരിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാളെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ കോടതി വിധിയെ ഏറേ ആകാംക്ഷയോടെയാണ് രാഷ്ട്രീയലോകം ഉറ്റ് നോക്കുന്നത്. റഫാൽ ഇടപാടിനെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ആ വിധി തുറന്ന കോടതിയിൽ കേൾക്കവെയാണ് പുതിയ രേഖകൾ ഹർജിക്കാർ കോടതിക്ക് കൈമാറിയത്. പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് മോഷ്ടിച്ച രേഖകളാണ് ഇതെന്നായിരുന്നു കേന്ദ്ര സർക്കാരിൻറെ വാദം. രാജ്യസുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന രേഖകളാണ് ചോർത്തിയതെന്നും അറ്റോർണി ജനറൽ കെകെ വേണുഗോപാൽ കോടതിയെ അറിയിച്ചിരുന്നു. അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ, മുൻ കേന്ദ്ര മന്ത്രിമാരായ യശ് വന്ത് സിൻഗ, അരുൺ ഷൂരി എന്നിവരാണ് ഹർജിക്കാർ.