വാളയാർ കേസിൽ പാലക്കാട്‌ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും എസ്‌സി എസ്ടി കമ്മീഷന്‍റെ രൂക്ഷ വിമർശനം; ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഡൽഹിയിലേക്ക് വിളിപ്പിക്കും; വിശദീകരണം തേടും

Jaihind News Bureau
Tuesday, October 29, 2019

വാളയാർ കേസിൽ പാലക്കാട്‌ ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും എസ്‌സി എസ്ടി കമ്മീഷന്‍റെ രൂക്ഷ വിമർശനം. ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഡൽഹിയിലേക്ക് വിളിച്ച വരുത്തി വിശദീകരണം തേടുമെന്ന് ദേശീയ എസ്.സി എസ്ടി കമ്മീഷൻ വൈസ് ചെയർമാൻ മുരുഗൻ. പ്രോസിക്യൂഷനും പോലീസിനും കേസിന്‍റെ തുടക്കം മുതൽ തന്നെ ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട്. പട്ടികജാതി പട്ടിക വർഗക്കാർക്കെതിരെ നടത്തുന്ന അതിക്രമങ്ങളെ നിരോധിക്കുന്ന വകുപ്പ് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ചുമത്തുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കമ്മീഷൻ പറഞ്ഞു.

ആദ്യഘട്ടം മുതൽ വാളയാ‌ർ കേസ് പ്രോസിക്യൂഷനും അന്വേഷണ ഉദ്യോ​ഗസ്ഥരും അട്ടിമറിച്ചെന്ന് ദേശീയ എസ് സി കമ്മീഷൻ ഉപാധ്യക്ഷൻ കുറ്റപ്പെടുത്തി. വാളയാ‌ർ കേസിൽ വലിയ വീഴ്ചകളുണ്ടായെന്നും ഈ സാ​ഹചര്യത്തിൽ ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും കമ്മീഷന്‍റെ ദില്ലി ഓഫീസിലെത്താൻ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷൻ വാളയാ‌ർ കേസ് ഏറ്റെടുത്തുവെന്നും അദ്ദേഹം അറിയിച്ചു. വാളയാറിൽ മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദ‌ർശിച്ച ശേഷമായിരുന്നു ദേശീയ എസ് സി കമ്മീഷൻ ഉപാധ്യക്ഷന്‍റെ പ്രതികരണം.

അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്നും പ്രതികളെ രക്ഷിക്കാൻ ശ്രമം നടത്തിയെന്നും ചൂണ്ടിക്കാട്ടി ദേശീയ പട്ടികജാതി കമ്മീഷന് പരാതി ലഭിച്ചിരുന്നു. വിഷയത്തിൽ കമ്മീഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് സ്വദേശി വിപിൻ കൃഷ്ണനാണ് പരാതി നൽകിയത്.

സംസ്ഥാനത്ത് ഏറെ ചര്‍ച്ചയായ വാളയാര്‍ പീഡനക്കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടതോടെയാണ് കേസന്വേഷണത്തിലെ പാളിച്ചകൾ ഓരോന്നായി പുറത്തു വന്നത്. കേസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന് തെളിഞ്ഞതോടെ സര്‍ക്കാര്‍ പ്രതിസ്ഥാനത്തായിയിരിക്കുകയാണ്.