സൗദിയില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഇനി സ്ഥിരതാമസ വിസ; സ്‌പോണ്‍സര്‍ ഇല്ലാതെ സ്വന്തം പേരില്‍ വീടോ സ്വത്തോ വാങ്ങാം

Jaihind News Bureau
Sunday, June 23, 2019

Saudi Arabia

ദുബായ് : സൗദി അറേബ്യയിലും ഇനി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് സ്ഥിരതാമസത്തിനുളള വിസ നല്‍കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചു. സൗദിയുടെ പുതിയ വികസന ചരിത്രത്തിലേക്കുള്ള സുപ്രധാന നീക്കമായി ഇത് വിലയിരുത്തപ്പെടുന്നു. അതേസമയം ഈ ആജീവനാന്ത താമസ വിസയ്ക്ക് ഏകദേശം എട്ടുലക്ഷം സൗദി റിയാലാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികള്‍ക്ക് പ്രീമിയം റസിഡന്‍സി വീസ അനുവദിക്കുന്നതാണ് ഈ പുതിയ വീസാ സമ്പ്രദായം. ഇത്തരക്കാര്‍ക്ക്, സൗദി സ്‌പോണ്‍സര്‍ ഇല്ലാതെ വീടോ സ്വത്തോ സ്വന്തം പേരില്‍ വാങ്ങാനും ബിസിനസ്സ് നടത്താനും സാധിക്കും. കൂടാതെ, എളുപ്പത്തില്‍ ജോലി മാറാനും കുടുംബാംഗങ്ങള്‍ക്ക് വിസ സ്‌പോണ്‍സര്‍ ചെയ്യാനും പുതിയ നിയമം വഴി അനുവദിക്കും. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പുതിയ പരിഷ്‌ക്കരണ നടപടികളുടെ ഭാഗമായാണിത്. രാജ്യത്തേക്ക് കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ്, ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതോടെ, സൗദിയുടെ വാര്‍ഷിക വരുമാനത്തില്‍ വലിയ കുതിച്ചുചാട്ടം വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

അതേസമയം, ഒരു വര്‍ഷത്തെ പുതുക്കാവുന്ന റസിഡന്‍സി വീസയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുലക്ഷം റിയാലാണ് ഇതിന്റെ ചെലവ്. ഇപ്രകാരം, ഉയര്‍ന്ന വീസാ ഫീസ് അടയ്ക്കുന്നതിനൊപ്പം, അപേക്ഷകര്‍ക്ക് കുറഞ്ഞത് 21 വയസ്സ് പ്രായമുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഒപ്പം, അപേക്ഷകന്റെ സാമ്പത്തികഭദ്രത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും ക്രിമിനല്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇപ്രകാരം, എണ്ണ ഇതര വരുമാനം ലക്ഷ്യമിട്ടുള്ള, ഗള്‍ഫ് രാജ്യങ്ങളുടെ പുതിയ ചിന്തകളുടെ ഭാഗമായാണ് ഈ പരിഷ്‌ക്കാരങ്ങള്‍. സമ്പന്നരായ വിദേശികള്‍ക്ക് 10 വര്‍ഷത്തെ താമസ വീസയ്ക്ക് അടുത്തിടെ യുഎഇയും തുടക്കമിട്ടിരുന്നു.