സി.എ.ജി ഓഡിറ്റിന് തയ്യാറാവാത്ത സർക്കാറിന്‍റെയും കിയാലിന്‍റെയും നിലപാട് അടിയന്തിരമായി തിരുത്തണം : സതീശൻ പാച്ചേനി

Jaihind News Bureau
Sunday, December 8, 2019

കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ കണക്കുകള്‍ പരിശോധിക്കാന്‍ സിഎജിയെ അനുവദിക്കാത്ത സർക്കാറിന്‍റെയും കിയാൽ ഡയറക്ടർ ബോർഡിന്‍റെയും നിലപാടിൽ ദുരൂഹത ഉണ്ടെന്നും അടിയന്തിരമായി ഈ നിലപാട് തിരുത്തണമെന്നും കണ്ണൂര്‍ ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.

കേരളത്തിലെ മറ്റ് പല സ്ഥാപനങ്ങളിലും ചെയ്തത് പോലെ സി.പി.എം പാര്‍ട്ടിക്ക് ധനസമ്പാദനത്തിനുള്ള ഉപാധിയാക്കി കിയാലിനെ മാറ്റിയതിനാലാണ് സര്‍ക്കാര്‍ ഇത്തരം സമീപനം സ്വീകരിച്ചതെന്നും പൊതുമേഖലയുടെയും സര്‍ക്കാരിന്‍റെയും സ്വത്ത് വകകൾ ദുരുപയോഗം ചെയ്യുന്നത് കണ്ണൂർ എയർപോർട്ടിലൂടെ യാത്രകൾ ആരംഭിച്ചതിന്റെ ഒന്നാം വാർഷികം ആഘോഷിക്കുന്ന വേളയിലെങ്കിലും തിരുത്താനും സുതാര്യത ഉറപ്പ് വരുത്താനും നടപടി സ്വീകരിക്കണം

കണ്ണൂര്‍ എയര്‍പോര്‍ട്ട് സ്വകാര്യ കമ്പനിയാണെന്ന വിചിത്രമായ കിയാലിന്റെ വാദം ജനങ്ങൾ അംഗീകരിക്കില്ലെന്നും മുപ്പത്തിയഞ്ച് ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും ഷെയറുകള്‍ ഉള്‍പ്പെടെ എൺപത്തിനാല് ശതമാനം ഓഹരികള്‍ പൊതു മേഖലയിലുള്ള ഒരു സ്ഥാപനത്തെ സ്വകാര്യ കമ്പനിയെന്ന് പറഞ്ഞ് അഴിമതിയും ധൂര്‍ത്തും നടത്താന്‍ ഇനിയും അധികൃതര്‍ പരിശ്രമിച്ചാൽ ശക്തമായ സമരപരിപാടികളുമായി കോൺഗ്രസ് രംഗത്ത് വരുമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.