എം.ജെ അക്ബര്‍ വിഷയത്തില്‍ സംഘപരിവാര്‍ കടുത്ത അതൃപ്തിയില്‍

ലൈംഗികാതിക്രമ ആരോപണം നേരിടുന്ന എം.ജെ അക്ബര്‍ മന്ത്രിസഭയില്‍ തുടരുന്നതില്‍ സംഘപരിവാറിനുള്ളില്‍ കടുത്ത അതൃപ്തി. അക്ബറിനെ സംരക്ഷിക്കുന്നത് ബിജെപിക്ക് മുറിവേല്‍പ്പിക്കുമെന്ന് മുന്‍ എബിവിപി നേതാവ് രശ്മി ദാസ് ആരോപിച്ചു. മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ അക്ബര്‍ നല്‍കിയ മാനനഷ്ടക്കേസ് പട്യാല ഹൗസ് കോടതി നാളെ പരിഗണിക്കും.

എം.ജെ അക്ബറിന്‍റെ രാജി വാങ്ങില്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അക്ബറുമായി കൂടിക്കാഴ്ച നടത്തി. വിദേശസന്ദര്‍ശനം കഴിഞ്ഞെത്തിയ അക്ബറില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള കൂടിക്കാഴ്ച മാത്രമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ ഡൽഹിയിലുണ്ടെങ്കിലും എന്തെങ്കിലും നടപടിയെടുക്കുന്നതിനെക്കുറിച്ചു യാതൊരുവിധ സൂചനയില്ല.

സംഘപരിവാറിന്‍റെ നയത്തിന് വിരുദ്ധമാണ് അക്ബറിനോടുള്ള സമീപനമെന്ന് സംഘപരിവാറിനൊപ്പം നില്‍ക്കുന്ന മുന്‍ എബിവിപി നേതാവ് രശ്മി ദാസ് കുറ്റപ്പെടുത്തി. ബിജെപിക്ക് ഇത് ക്ഷതം ഏല്പിക്കുമെന്നും രശ്മി ദാസ് തുറന്നടിച്ചു. ആദ്യം ആരോപണം ഉന്നയിച്ച പ്രിയാ രമാണിക്കെതിരെയുള്ള അക്ബറിന്‍റെ മാനനഷ്ടകേസ് നാളെ ഉച്ചയ്ക്ക് രണ്ടിന് കോടതി പരിഗണിക്കും. അനുഭവം തുറന്നു പറ‍ഞ്ഞ മറ്റു മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും കേസ് നല്‍കുമെന്ന അക്ബറിന്റെ മുന്നറിയിപ്പുമുണ്ട്. അക്ബറിനെതിരെ നടപടി വേണമെന്ന് ഇന്ത്യന്‍ വിമന്‍ പ്രസ് കോര്‍, ഐഡബ്ള്യുപിസി എന്നീ സംഘടനകൾ രാഷ്ട്രപതിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.

https://youtu.be/2NFVDW2Gmto

MJ AkbarMeToo
Comments (0)
Add Comment