‘അഭിമാനത്തോടെ പറയുന്നു, മരിക്കും വരെയും കോണ്‍ഗ്രസുകാരന്‍’ ; നേട്ടങ്ങള്‍ക്കുവേണ്ടി നിലപാട് മാറ്റില്ല: സലീംകുമാര്‍

കൊച്ചി : ഐഎഫ്എഫ്‌കെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ഒഴിവാക്കിയതിനെതിരെ നടന്‍ സലീംകുമാര്‍. കൊച്ചിയില്‍ നടക്കുന്നത് സിപിഎം മേളയാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പാര്‍ട്ടിയോട് അനുഭാവമുള്ളവരെ പങ്കെടുപ്പിക്കാനാണ് നീക്കം. ഓരോ ന്യായീകരണങ്ങള്‍ പറഞ്ഞ് പുറത്താക്കേണ്ടവരെ ഒഴിവാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. താനൊരു കോണ്‍ഗ്രസുകാരനായതിന്‍റെ പേരിലാണ് ഇത്തരം അനുഭവങ്ങള്‍ ഉണ്ടാകുന്നതെങ്കില്‍ അതെല്ലാം അനുഭവിക്കാന്‍ തയ്യാറാണ്. മരിക്കുന്നതുവരെയും കോണ്‍ഗ്രസുകാരനായിരിക്കും. അഭിമാനത്തോടുകൂടിയാണ് പറയുന്നത്. നേട്ടങ്ങള്‍ക്കു വേണ്ടി പാർട്ടിമാറാനോ ആശയങ്ങള്‍ മാറാനോ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഒഴിവാക്കിയതിന്‍റെ കാരണം തിരക്കിയപ്പോള്‍ പ്രായമുള്ളവരെ ഒഴിവാക്കുന്നുവെന്നാണ് പറഞ്ഞത്. തിരുവനന്തപുരത്ത് വച്ച് ടിനിടോം സംഘാടകരോട് ചോദിച്ചതാണ്, എറണാകുളത്ത് വച്ചല്ലേ അപ്പോൾ സലീമിനെ വിളിക്കേണ്ട എന്ന്. അപ്പോൾ വിട്ടുപോയതാണെന്ന് പറയാൻ പറ്റില്ലല്ലോ. വിവാദമായപ്പോൾ എന്നെ വിളിച്ചു. വേണമെങ്കിൽ വന്ന് കത്തിച്ചോ എന്ന പോലെ. ഞാൻ പോകില്ല. എന്നെ മാറ്റി നിർത്താൻ ശ്രമിച്ചവർ ഇപ്പോൾ വിജയിച്ചു. ഞ​ാൻ അവിടെ പോയി അവരെ തോൽപ്പിക്കുന്നില്ല. ഞാൻ തോറ്റോളാം. ഇനി എന്തൊക്കെ പറഞ്ഞാലും മരിക്കും വരെ ഞാനൊരു കോൺഗ്രസുകാരൻ തന്നെയാണ്. അതിനൊരു മാറ്റവുമില്ല.’ സലീം കുമാർ പറഞ്ഞു.

Comments (0)
Add Comment