കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; തൊഴിലാളി യൂണിയനുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Jaihind Webdesk
Saturday, May 6, 2023

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്
സിഐടിയും ഐ എൻടിയുസിയും ഉൾപ്പെടെയുള്ള സംയുക്ത തൊഴിലാളി യൂണിയൻ അനിശ്ചിതകാല സമരപരിപാടികൾ ആരംഭിച്ചു. കെഎസ്ആർടിസി മാനേജ്മെന്‍റിലെ തെമ്മാടിക്കൂട്ടങ്ങളെ നിലയ്ക്കുനിർത്താന്‍ സർക്കാർ തയാറാകണമെന്ന് സിഐടിയു. മന്ത്രി ആന്‍റണി രാജുവിനെതിരെയും സിഐടിയു രൂക്ഷ വിമർശനം ഉയർത്തി.

കെഎസ്ആർടിസി ജീവനക്കാർക്കും തൊഴിലാളികൾക്കും ശമ്പളം ഗഡുക്കളായി നൽകുന്ന മാനേജ്മെന്‍റ് നിലപാട് തിരുത്തുക, കെഎസ്ആർടിസി സ്വകാര്യവത്ക്കരിക്കാനും തകർക്കുവാനും നടത്തുന്ന നീക്കങ്ങൾ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംയുക്ത തൊഴിലാളി യൂണിയൻ അനിശ്ചിതകാല സമരപരിപാടികൾ ആരംഭിച്ചത്.
സിഐടിയും ഐ എൻടിയുസിയും ഡ്രൈവേഴ്സ് യൂണിയനും ഉൾപ്പെടെയുള്ള തൊഴിലാളി യൂണിയനുകൾ സംയുക്തമായി ചീഫ് ഓഫിസ് ഉപരോധിച്ച് ധർണ്ണ നടത്തി.

കെഎസ്ആർടിസി മാനേജ്മെന്‍റിലെ തെമ്മാടിക്കൂട്ടങ്ങളെ നിലയ്ക്കു നിർത്താന്‍ സർക്കാർ തയാറാകണമെന്ന് സമരം ഉദ്ഘാടനം ചെയ്ത സിഐടിയു സംസ്ഥന സെക്രട്ടറി എസ് വിനോദ് ആവശ്യപ്പെട്ടു. ഗതാഗതമന്ത്രി ആന്‍റണി രാജുവിനെതിരെയും സിഐടിയു നിശിത വിമർശനമുയർത്തി. പണിമുടക്ക് ഉൾപ്പെടെയുള്ള സമരത്തിലേക്ക് തങ്ങളെ തള്ളി വിടരുതെന്ന് ഐ എൻടിയുസി മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച കെഎസ്ആർടിസിയിലെ ബിഎംഎസ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.