സേഫ് ലാന്‍ഡിംഗ്; സുനിത ഭൂമിയിലെത്തി

Jaihind News Bureau
Wednesday, March 19, 2025

ലോകം കാത്തിരുന്ന ചരിത്ര നിമിഷത്തിനൊടുവില്‍ ക്രൂ9 സംഘം ഭൂമിയില്‍ലെത്തി. സുനിത വില്യംസും സംഘവും 9 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഭൂമിയിലേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് സുനിതയും സംഘവും മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡ തീരത്ത് ഇറങ്ങിയത്.

നീണ്ട 287 ദിവസങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് സുനിത വില്യംസും സംഘവും ഭൂമിയിലെത്തി. നിക് ഹേഗ്, സുനിത വല്യംസ്, ബുച്ച് വില്‍മോര്‍, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.40 നാണ് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ചുള്ള ഡ്രാഗണ്‍ പേടകം ഫ്‌ലോറിഡ തീരത്തിനു സമീപം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ വീണത്. നേവി സീലിന്റെ മുങ്ങല്‍ വിദഗ്ധരും മെഡിക്കല്‍ സംഘവുമുള്‍പ്പെടെ കടലില്‍ കാത്തുനിന്നു. സ്‌പേസ് എക്‌സിന്റെ എം.വി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് കരയിലെത്തിച്ചു.

ഇന്നലെ രാവിലെ 10:35 നാണ് സ്‌പേസ്എക്‌സ് ഡ്രാഗണ്‍ ക്രൂ9 മൊഡ്യൂള്‍ രാജ്യാന്തര ബഹിരാകാശ നിലയത്തില്‍നിന്നു വേര്‍പെട്ട് ഭൂമിയിലേക്കു പുറപ്പെട്ടത്. ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പ്, ഏകദേശം 15,000 കി.മീ. ഉയരത്തില്‍ വച്ച് ഇന്ത്യന്‍ സമയം 2:36 ഓടെ പേടകത്തില്‍നിന്ന് സോളര്‍ പാനല്‍ അടക്കമുള്ള ട്രങ്ക് ഭാഗം വിട്ടുമാറി. 2:41ഓടെ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനുള്ള അവസാനവട്ട എഞ്ചിന്‍ ജ്വലനം നടത്തുകയും ലാന്‍ഡിങ് പാത ഉറപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രാവിലെ 2.54ഓടെ ഡീഓര്‍ബിറ്റ് ബേണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. 2.57ഓടെ നോസ് കോണ്‍ അടയ്ക്കല്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ 3.11ന് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂളില്‍നിന്ന് ഭൂമിയിലേക്ക് സന്ദേശമെത്തി. ഭൂമിയിലേക്ക് പ്രവേശിക്കുന്നതിനിടെ ഘര്‍ഷണം കാരണം കൊടുംചൂടിലേക്ക് കടക്കുന്ന പേടകത്തിന് അല്‍പസമയം ആശയവിനിമയം നഷ്ടമാവുകയും ചെയ്തു. പേടകത്തിന്റെ വേഗം പതിയെ കുറഞ്ഞു. പിന്നാലെ മെയിന്‍ പാരച്യൂട്ടുകളും തുറന്നു. പേടകത്തിന്റെ വേഗം പിന്നെയും കുറഞ്ഞു. പേടകവുമായി ഫ്‌ലോറിഡ തീരത്തെ അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് നാല് പാരച്യൂട്ടുകളും സാവധാനം പറന്നിറങ്ങി.

മെക്‌സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ ക്യാപ്‌സൂള്‍ വീണത്. നിക് ഹേഗിനായിരുന്നു യാത്രയുടെ കമാന്‍ഡ്. നീണ്ട 17 മണിക്കൂറത്തെ യാത്രയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ആദ്യം പുറത്തിറങ്ങിയത് നിക് ഹേഗാണ്. പിന്നീട് അലക്്‌സാണ്ടര്‍ ഗോര്‍ബനേവും മൂന്നാമതായാണ് സുനിത വില്യംസ് പുറത്തിറങ്ങുന്നത്. ഒരു ചെറു പുഞ്ചിരിയോടെ സുനിത വില്യംസന്റെ തിരിച്ചുവരവ് ഇന്ത്യക്ക് അഭിമാന നിമിഷമായിരുന്നു.

നാലാമതായാണ് ബുച്ച് വില്‍മോര്‍ ഇറങ്ങുന്നത്.2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. അങ്ങനെ 9 മാസം നീണ്ട കാത്തിരിപ്പിനാണ് ഇന്ന് ശുഭാവസാനം ആയത്.