ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറിന് ഇന്ന് 46ആം ജന്മദിനം. ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും കിക്കറ്റ് പ്രേമികളുടെ ഇഷ്ടതാരമായ സച്ചിന്‍റെ പിറന്നാൾ ദിനത്തിൽ ജയ്ഹിന്ദ് ടിവിയും നേരുന്നു പിറന്നാൾ ആശംസകൾ.
1973 ഏപ്രിൽ 24ലാണ് സച്ചിന്‍റെ ജനനം. രാജ്യാന്തര ക്രിക്കറ്റിൽ നൂറു സെഞ്ചുറികൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2012 മാർച്ച് 16 ന് ധാക്കയിലെ മിർപ്പൂരിൽ ബംഗ്ലാദേശിനെതിരെ നടന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് ഏകദിനമത്സരത്തിലാണ് സച്ചിൻ തന്‍റെ നൂറാമത്തെ സെഞ്ചുറി തികച്ചത്. ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്.
2012 ഡിസംബർ 23-ന് സച്ചിൻ ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. പാകിസ്ഥാനെതിരെയാണ് സച്ചിൻ അവസാന ഏകദിന മത്സരം കളിച്ചത്. 2013 നവംബറിൽ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ വെസ്റ്റ് ഇൻഡീസുമായി നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിൻ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചു. രാജ്യം ഭാരത രത്‌ന പുരസ്‌കാരം നൽകി സച്ചിനെ ആദരിച്ചിട്ടുണ്ട്. ഭാരത രത്‌നം ലഭിക്കുന്ന ആദ്യ കായിക താരവും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും സച്ചിനാണ്.
15 വയസ് മാത്രം പ്രായമുള്ളപ്പോൾ സച്ചിൻ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു. ബോംബെ ടീമിനു വേണ്ടിയാണ് കളിച്ചത്. തന്റെ ആദ്യ മത്സരത്തിൽ തന്നെ സച്ചിൻ 100 റൺസ് നേടി പുറത്താകാതെ നിന്നു. ഗുജറാത്തിനെതിരെ ആയിരുന്നു അത്. അതോടെ അദ്ദേഹം ഫസ്റ്റ് ക്ലാസ്സ് അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനാണ് സച്ചിൻ. 2ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി നിരവധി റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലും നിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് ഇദ്ദേഹം. 2011 ൽ സച്ചിൻ ലോക കപ്പിൽ രണ്ടായിരം റൺസെടുക്കുന്ന ആദ്യ ബാറ്റ്സ്മാനായി. 440 ഏകദിന മത്സരങ്ങളിലായി 17000ത്തിൽ അധികം റൺസ് ഇദ്ദേഹം നേടിയിട്ടുണ്ട് . 17,000 റൺസ് തികച്ച ഏക ക്രിക്കറ്റ് കളിക്കാരനുമാണ് സച്ചിൻ. ടെസ്റ്റ് ക്രിക്കറ്റിൽ 11,000 റൺസ് പിന്നിടുന്ന മൂന്നാമത്തെ കളിക്കാരനും, ആദ്യത്തെ ഇന്ത്യക്കാരനുമാണ് സച്ചിൻ.
ടെസ്റ്റിലും ഏക ദിനത്തിലും ഏറ്റവും കൂടുതൽ സെഞ്ചുറികൾ എന്ന റെക്കോർഡും സച്ചിന്‍റെ പേരിലാണ് . ഇന്ത്യയിലെ ഏറ്റവും വലിയ കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽ രത്ന അവാർഡ് നേടിയ ആദ്യ ക്രിക്കറ്ററുമാണു സച്ചിൻ. രണ്ടാമത്തെ വലിയ സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ നേടിയ ആദ്യത്തെ കായിക താരം എന്ന ബഹുമതി വിശ്വനാഥൻ ആനന്ദിനൊപ്പം 2008ൽ സച്ചിൻ നേടുകയുണ്ടായി.