ശബരിമല: സി.പി.എം – സർക്കാർ ഒത്തുകളിയില്‍ തകർന്നത് നൂറ്റാണ്ടുകളായി നിലനിന്ന ആചാരം

ശബരിമലയിൽ യുവതീപ്രവേശനത്തിൽ പുറത്തുവന്നത് സി.പി.എമ്മും സർക്കാരും തമ്മിലുള്ള ഒത്തുകളി. യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന കർശന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതൃത്വവും സുപ്രീം കോടതിവിധി പുറത്തുവന്നതു മുതൽ സ്വീകരിച്ചത്. ഇതിനെതിരെ സംസ്ഥാനമൊട്ടാകെ കടുത്ത പ്രതിഷേധം അലയടിച്ചിരുന്നു. തുടർന്ന് സർക്കാർ ശബരിമലയിലേക്ക് യുവതികളെ നിർബന്ധിച്ച് എത്തിക്കുകയില്ലെന്ന വാദമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയും സ്വീകരിച്ചത്. വിഷയത്തെ രാഷ്ട്രീയവത്ക്കരിച്ച് മുതലെടുപ്പ് നടത്താൻ ഇറങ്ങിത്തിരിച്ച സംഘപരിവാർ നേതൃത്വം വലിയ തോതിൽ സംഘർഷവും സൃഷ്ടിച്ചു.

ഇതിനിടെ സന്നിധാനത്ത് ദർശനം നടത്താൻ ഒട്ടേറെ യുവതികൾ എത്തിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നു. രഹ്ന ഫാത്തിമയെ അടക്കമുള്ള യുവതികളെ പൊലീസ് വേഷത്തിൽ സന്നിധാനത്തെത്തിച്ച് പൊലീസും വിവാദത്തിലായി. കടുത്ത വിമർശനം സർക്കാരിനും പൊലീസിനുമുണ്ടായി. ഇതോടെ ശബരിമല ആക്ടിവിസത്തിനുള്ള വേദിയല്ലെന്നും അവിടെ ഭക്തരല്ലാത്ത യുവതികൾക്ക് പ്രവേശിക്കാനാവില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ബോർഡ് പ്രസിഡന്റ് എ. പത്മകുമാറും വ്യക്തമാക്കി. എന്നാൽ ഇതിനെയെതിർത്ത് മുഖ്യമന്ത്രിയും ഇടതുനേതാക്കളും രംഗത്തുവന്നതോടെ മന്ത്രിക്കുും ബോർഡ് അധ്യക്ഷനും പിന്നീട് നിലപാട് മാറ്റാൻ സമ്മർദ്ദമുണ്ടായി. ശബരിമല യുവതീപ്രവേശത്തിലുള്ള പ്രതിഷേധത്തിനെതിരെ മുഖ്യമന്ത്രി ചില സാമുദായിക സംഘടനകളെ കൂട്ടുപിടിച്ച് വനിതാ മതിൽ നിർമ്മാണത്തിനും തുടക്കം കുറിച്ചു.

നവോത്ഥാനത്തിന്റെ പേര് പറഞ്ഞായിരുന്നു മതിൽ നിർമ്മാണത്തിന്റെ ആദ്യഘട്ടമെങ്കിലും പിന്നീട് ശബരിമല യുവതീപ്രവേശം സംബന്ധിച്ച കാര്യങ്ങളും മതിൽ നിർമ്മാണത്തിന്റെ കാരണങ്ങളിൽ പെടുമെന്ന് മുഖ്യമന്ത്രി അസന്നിഗ്ധമായി വ്യക്തമാക്കുകയായിരുന്നു. ഇതിനെല്ലാം തന്നെ സി.പി.എം നേതൃത്വത്തിന്റെ പൂർണ്ണ പിന്തണയാണ് സർക്കാരിന് ലഭിച്ചത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ശബരിമലയിലെ ആചാരലംഘനത്തിന് പച്ചക്കൊടി വിശിയതോടെ ഇടതുമുന്നണിയിൽ ഉണ്ടായ എതിർപ്പും ദുർബലമായി. ഇതോടെയാണ് പൊലീസിനെ തന്ത്രപൂർവ്വം ഉപയോഗിച്ച് ശബരിമലയിൽ യുവതികളെ എത്തിച്ച് ആചാരലംഘനം നടത്താനുള്ള ആസൂത്രിത നീക്കത്തിന് തുടക്കമായത്. വനിതാ മതിലിൽ സംഘടിപ്പിച്ചതിനു പിറ്റേ ദിവസം തന്നെ ശബരിമല ആചാര ലംഘനത്തിന് തെരെഞ്ഞെടുത്തതും ഇതിനു പിന്നിലെ ആസൂത്രിത നീക്കം വെളിവാക്കുന്നു.

Sabarimala
Comments (0)
Add Comment