ശബരിമല വിഐപി ദർശനം ഗൗരവതരം; ‘ഭക്തരെ തടയാൻ അധികാരം നൽകിയതാര്?’ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

Jaihind Webdesk
Thursday, December 12, 2024

 

എറണാകുളം: നടന്‍ ദിലീപിനു ശബരിമല സന്നിധാനത്ത് വിഐപി ദർശനം അനുവദിച്ചതിൽ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം.  ഭക്തരെ തടയാൻ ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. സോപാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ വിമർശനം. ഹരിവരാസനം പാടുന്ന മുഴുവൻ സമയവും നടൻ ദിലീപ് സോപാനത്തിന്റെ മുൻനിരയിൽ തൊഴുതു നിൽക്കുന്നതു വിഡിയോയിൽ കാണാം. ഇതിനായി ഒന്നാം നിരയിലേക്കു മറ്റുള്ളവർ‍ പ്രവേശിക്കാതെ തടഞ്ഞിരിക്കുന്നതു കോടതി ചൂണ്ടിക്കാട്ടി. ഭക്തരെ തടയാൻ ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. ആർക്കും ദർശനം തടസ്സപ്പെടുന്നില്ലെന്ന് ദേവസ്വം ബോര്‍‍ഡും പോലീസും ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

വടക്കുഭാഗത്തുനിന്ന് തെക്ക് ഭാഗത്തേക്ക് ഇറങ്ങുന്ന ഒന്നാം നിരയിലേക്ക് ഭക്തരുടെ പ്രവേശനം തടഞ്ഞാണ് ദേവസ്വം ഗാർഡുകൾ ദിലീപിനെ അവിടെ നിൽക്കാൻ സഹായിക്കുന്നത്. ഇതിനായി 10.51 മുതൽ ദേവസ്വം ഗാർഡുകള്‍ ഒന്നാം നിരയിലേക്കു മറ്റു ഭക്തർ പ്രവേശിക്കാതിരിക്കാൻ തടയുന്നുണ്ട്. തുടർന്ന് അവിടേക്കെത്തിയ ദിലീപ് രാത്രി 10.58.24 മുതൽ രാത്രി 11.05.45 വരെ അവിടെ തന്നെ നിൽക്കുന്നതായും സിസിടിവി ദൃശ്യത്തില്‍ കാണാം.

ദിലീപ് അവിടെനിന്നു സോപാനത്തിന്‍റെ തെക്കു ഭാഗത്തേക്കു കടന്നുപോകുന്നതു വരെ ഒന്നാം നിര പൂർണമായി തടഞ്ഞിരുന്നു. സംഭവത്തിൽ ദേവസ്വം ബോർഡ് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, 2 ദേവസ്വം ഗാർഡുകൾ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിച്ചു.