കര്‍ശന സുരക്ഷയില്‍ ശബരിമല

Sunday, November 4, 2018

ചിത്തിര ആട്ടവിശേഷപൂജയ്ക്കായി തിങ്കളാഴ്ച ശബരിമല തുറക്കുന്നതോടെ യുവതീ പ്രവേശനത്തിന് എതിരെ ഉള്ള പ്രതിഷേധം നേരിടാൻ ശക്തമായ സന്നാഹവുമായി പോലീസ്. ഇക്കാര്യത്തിൽ എല്ലാ നടപടികളും സ്വീകരിച്ചതായി പോലീസ് അറിയിച്ചു.

ചീഫ് പോലീസ് കോര്‍ഡിനേറ്ററായ ദക്ഷിണ മേഖലാ എ.ഡി.ജി.പി അനില്‍കാന്തിന്‍റെ നേതൃത്വത്തിലാണ് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ് ആനന്ദകൃഷ്ണന്‍ ജോയിന്‍റ് പോലീസ് കോര്‍ഡിനേറ്റര്‍ ആയിരിക്കും. സന്നിധാനം, മരക്കൂട്ടം എന്നിവിടങ്ങളില്‍ ഐ.ജി എം.ആര്‍ അജിത്കുമാറും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ഐ.ജി അശോക് യാദവും സുരക്ഷയ്ക്കും ക്രമസമാധാനപാലനത്തിനും മേല്‍നോട്ടം വഹിക്കും.

പത്ത് വീതം എസ്.പിമാരും ഡി.വൈ.എസ്.പിമാരും ഡ്യൂട്ടിയിലുണ്ടാകും. സന്നിധാനത്തും നിലയ്ക്കല്‍, പമ്പ മേഖലകളിലുമായി 20 അംഗ കമാന്‍ഡോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. നൂറ് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 2,300 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.

യുവതികൾ ദർശനത്തിനായി എത്തിയാൽ ആവശ്യമായ സുരക്ഷ നൽകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ ശബരിമലയെ നാലു മേഖലകളായി തിരിക്കും. ഭക്തരല്ലാത്തവരെ പമ്പയിലേക്കാ സന്നിധാനത്തേക്കോ കടത്തിവിടില്ല. തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ ഉണ്ടായ സംഘർഷം കണക്കിലെടുത്താണ് ശക്തമായ സുരക്ഷ പോലീസ് എർപ്പെടുത്തിയിരിക്കുന്നത്.