മണ്ഡലകാല തീർഥാടനം : നാളെ വൈകീട്ട് ശബരിമല നടതുറക്കും

Jaihind Webdesk
Thursday, November 15, 2018

Sabarimala-Nada-3

മണ്ഡലകാല തീർഥാടനത്തിനായി നാളെ വൈകീട്ട് ശബരിമല നടതുറക്കും. ഇതിന്റെ പശ്ചാത്തലത്തിൽ സന്നിധാനത്തും പരിസരത്തും ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

നാളെ രാവിലെ 11 മുതൽ നിലയ്ക്കലിലേക്ക് തീർഥാടകർക്ക് പ്രവേശനം അനുവദിക്കും. 12 മണിമുതൽ തീർഥാടകർക്ക് നിലയ്ക്കലിൽനിന്ന് കെ.എസ്.ആർ.ടി.സി. ബസുകളിൽ പമ്പയിലേക്ക് പോകാനാവും. സുപ്രീംകോടതി വിധിക്കുശേഷം രണ്ടുതവണ ശബരിമല നടതുറന്നപ്പോഴും ഉണ്ടായ പ്രശ്‌നങ്ങൾ ആവർത്തിക്കാതിരിക്കാൻ പഴുതടച്ച സുരക്ഷയാണ് പോലീസ് ഒരുക്കുന്നത്. തിരക്ക് നിയന്ത്രിക്കാനും ക്രമസമാധാന പാലനത്തിനുമായി വിശദമായ പദ്ധതിയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞദിവസം സംസ്ഥാന പോലീസ് മേധാവി തിരുവനന്തപുരം റേഞ്ച് ഐ.ജി., എസ്.പി.മാർ എന്നിവരുമായി സുരക്ഷ സംബന്ധിച്ച് അവസാനവട്ട ചർച്ച നടത്തി. പമ്പയിലും സന്നിധാനത്തും രണ്ട് ഐ.ജി.മാർക്കാണ് സുരക്ഷാച്ചുമതല. വിജയ് സാക്കറെയ്ക്ക് സന്നിധാനത്തും അശോക് യാദവിന് പമ്പയിലുമാണ് ചുമതല. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും രണ്ട് എസ്.പി.മാർ വീതമുണ്ടാകും. ക്രമസമാധാനവും തിരക്ക് നിയന്ത്രിക്കലും വെവ്വേറെ എസ്.പി.മാരുടെ ചുമതലയിലാണ്. നാല് ഘട്ടങ്ങളിലായാണ് സുരക്ഷ.

ആദ്യ മൂന്ന് ഘട്ടങ്ങളിൽ 4500 വീതം പോലീസുകാരെ ശബരിമലയിൽ നിയോഗിക്കും. മകരവിളക്കിന് 5000 പോലീസുകാരെ എത്തിക്കും. പമ്പ മുതൽ നിലയ്ക്കൽ വരെ 200 വനിതാ പോലീസുകാരെയും നിയോഗിക്കും. 50-നു മുകളിൽ പ്രായമുള്ള പോലീസുകാർക്കുപുറമേ വനിതാ ബറ്റാലിയനിലുള്ളവരെയും പമ്പയിൽ എത്തിക്കും. അവശ്യമെങ്കിൽമാത്രം ഇവരെ നിയോഗിക്കും.കേരള പോലീസിന്റെ കമാൻഡോകളും കേന്ദ്ര ദ്രുതകർമസേനയും ദുരന്തനിവാരണ സേനയും ശബരിമലയിലുണ്ടാകും. വ്യോമ നിരീക്ഷണവുമുണ്ടാകും. ഹെലികോപ്റ്റർ നിരീക്ഷണത്തിന്‍റെ ചുമതല കൊച്ചി റെയ്ഞ്ച് ഐ.ജി.ക്കാണ്.