ശബരിമല : വീണ്ടും അശാന്തമായേക്കും; കുംഭം ഒന്നിന് നട തുറക്കുമ്പോഴും യുവതികളെ എത്തിക്കാന്‍ നീക്കം

Jaihind Webdesk
Tuesday, January 29, 2019

sabarimala

കുംഭം ഒന്നിന് ശബരിമല നട തുറക്കുമ്പോൾ യുവതികളെ ശബരിമലയിലെത്തിക്കാൻ നീക്കം. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് യുവതികൾ മല കയറുന്നത്.

കുംഭം ഒന്നിന് ശബരിമല നട തിറക്കുമ്പോൾ ദർശനം നടത്താനാണ് നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫേസ്ബുക്ക് കൂട്ടായ്മയുടെ നീക്കം. ഇത് സംബന്ധിച്ച ആലോചനായോഗം കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്നു. ബിന്ദു തങ്കം കല്യാണി, മൈത്രേയൻ, ശ്രേയസ് കണാരൻ എന്നിങ്ങനെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 30ഓളം പേരാണ് യോഗത്തിൽ പങ്കെടുത്തത്. അയ്യപ്പ ദർശനത്തിന് സന്നദ്ധരായ സ്ത്രീകളെ ഒന്നുമുതൽ അഞ്ച് വരെയുള്ള തീയതികളിൽ വ്യത്യസ്ത സമയങ്ങളിലായി മലയിലെത്തിക്കാനാണ് തീരുമാനം. രണ്ടോ മൂന്നോ പേരടങ്ങുന്ന ചെറുസംഘങ്ങളാണ് ശബരിമലയിലേക്ക് തിരിക്കുക.

യുവതീപ്രവേശനത്തെ തടയുന്നവരെ ഏതുവിധേനയും നേരിടാനും യോഗം തീരുമാനമെടുത്തു. കോടതിവിധി വന്നതുമുതൽ ശബരിമലയിൽ കയറുകയും കയറാൻ ശ്രമിക്കുകയും ചെയ്ത യുവതികളെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നതിനെതിരെ പ്രചാരണം നടത്താനും യോഗത്തിൽ തീരുമാനിച്ചതായാണ് വിവരം.