ശബരിമല നട തുറന്നു; വന്‍ ഭക്തജനത്തിരക്ക്; ദര്‍ശനത്തിനായി യുവതി പമ്പയില്‍

Jaihind Webdesk
Monday, November 5, 2018

ചിത്തിര ആട്ടത്തിരുന്നാളിനായി ശബരിമല നട തുറന്നു. പോലീസിന്‍റെ കര്‍ശന സുരക്ഷയിലാണ് സന്നിധാനവും പരിസരവും. രാത്രി 10 മണി വരെയാണ് ഇന്ന് ദര്‍ശനത്തിനുള്ള സമയം. ചൊവ്വാഴ്ച രാവിലെ 5ന് നിർമാല്യത്തിനായി നട തുറക്കും. 5.30 മുതൽ 10 വരെ നെയ്യഭിഷേകമുണ്ടാകും. അത്താഴപൂജയ്ക്കു ശേഷം ഭസ്മാഭിഷേകം നടത്തി രാത്രി 10ന് നട അടയ്ക്കും. 16ന് മണ്ഡല മകരവിളക്കു തീർഥാടനത്തിനായി വീണ്ടും നട തുറക്കും. ഇന്ന് പ്രത്യേക പൂജകളൊന്നുമില്ല. അതേസമയം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് അയ്യപ്പദര്‍ശനത്തിനായി ഭക്തജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്.

ശബരിമലയിലേക്കുള്ള വഴികളിലും സന്നിധാനത്തും പോലീസ് കര്‍ശന സുരക്ഷയാണ് ഒരിക്കിയിരിക്കുന്നത്. അതേസമയം അയ്യപ്പദര്‍ശനത്തിന് അനുമതി തേടി ഒരു യുവതി പോലീസിന്‍റെ സഹായം തേടിയിട്ടുണ്ട്. ചേര്‍ത്തല സ്വദേശി അഞ്ജുവാണ് ശബരിമല ദര്‍ശനത്തിനായി പമ്പയിലെത്തിയത്. ഭര്‍ത്താവിനും രണ്ട് കുട്ടികള്‍ക്കും ഒപ്പമാണ് ഇവരെത്തിയത്. യുവതിയുടെ പശ്ചാത്തലം പോലീസ് പരിശോധിച്ചതിന് ശേഷം തീരുമാനം എടുക്കും. രാത്രിയായതിനാലും  സുരക്ഷാപ്രശ്നങ്ങളുണ്ടാകുമെന്ന് ആശങ്കയുള്ളതിനാലും യുവതിയെ ഇന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകാന്‍ സാധ്യത കുറവാണ്.