ശബരിമലയിൽ ലക്ഷ്യമിട്ടത് കോടികളുടെ കൊള്ളയ്ക്ക്; ലക്ഷ്യം വെച്ചത് ശ്രീകോവിലിലെ മുഴുവൻ സ്വർണവും; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

Jaihind News Bureau
Tuesday, January 6, 2026

ശബരിമല ശ്രീകോവിലിലെ മുഴുവൻ സ്വർണവും കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഘട്ടംഘട്ടമായി ശ്രീകോവിലിലെ സ്വർണം പൊതിഞ്ഞ ഭാഗങ്ങളെല്ലാം ഇളക്കി മാറ്റാനായിരുന്നു ഇവരുടെ പദ്ധതി. ദ്വാരപാലക ശില്പങ്ങളും കട്ടിളപ്പാളിയുടെ ഏഴ് ഭാഗങ്ങളും ഇതിനകം തന്നെ സംഘം കടത്തിയിരുന്നു. ‘സ്മാർട്ട് ക്രിയേഷൻസ്’ എന്ന സ്ഥാപനത്തിൽ എത്തിച്ച് സ്വർണം വേർതിരിച്ച് വിൽക്കാനായിരുന്നു പ്രതികൾ ശ്രമിച്ചത്.

കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ എന്നിവരാണ് കൊള്ളയുടെ ആസൂത്രകർ. സ്വർണപ്പാളി വിവാദം ഹൈക്കോടതിയുടെ പരിഗണനയിൽ വന്നതോടെ പദ്ധതി പാളുമെന്ന് ഭയന്ന പ്രതികൾ 2025 ഒക്ടോബറിൽ ബെംഗളൂരുവിൽ ഒത്തുകൂടി. പിടിക്കപ്പെട്ടാൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും രക്ഷപ്പെടാനുള്ള വഴികളെക്കുറിച്ചും ഇവർ രഹസ്യ യോഗത്തിൽ ചർച്ച ചെയ്തു. പ്രതികളുടെ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ നിർണ്ണായക വിവരങ്ങൾ എസ്‌ഐടിക്ക് ലഭിച്ചത്.

ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായില്ലായിരുന്നുവെങ്കിൽ ശ്രീകോവിലിലെ സ്വർണം മുഴുവൻ നഷ്ടപ്പെടുമായിരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കട്ടിളപ്പാളിയിൽ നിന്ന് വേർതിരിച്ചെടുത്ത 409 ഗ്രാം സ്വർണം ബെല്ലാരിയിലെ വ്യാപാരിയായ ഗോവർദ്ധന് കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്. ഗോവർദ്ധന്റെ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് എസ്‌ഐടി ഈ വിശദമായ റിപ്പോർട്ട് നൽകിയത്. കൂടുതൽ തെളിവെടുപ്പിനായി ഉണ്ണികൃഷ്ണൻ പോറ്റിയെ ബെംഗളൂരുവിൽ എത്തിച്ച് പരിശോധന നടത്താൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.