മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

Jaihind News Bureau
Tuesday, December 31, 2019

Sabarimala-Nada

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര നട തുറന്നു. വലിയ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. മകരവിളക്ക് മഹോത്സവത്തിന്‍റെ ഭാഗമയി കനത്ത സുരക്ഷ സന്നാഹമാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്.

ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ സുധീർ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്ന് ദീപം തെളിയിച്ചത്. തുടർന്ന് മേൽശാന്തി തന്നെ ഉപദേവതാ ക്ഷേത്രങ്ങളിലും നടകൾ തുറന്ന് വിളക്കുകൾ തെളിച്ചു. നട തുറന്നതിന് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, ശരണം വിളികളുമായി നിന്ന അയ്യപ്പഭക്തർക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു. പതിനെട്ടാം പടിക്ക് മുന്നിലുള്ള ആഴിക്ക് മുന്നിൽ മേൽശാന്തി എത്തി ആഴിയിൽ അഗ്നി പകർന്നു. ഇതോടെ ദർശനപുണ്യത്തിനായി കാത്തു നിന്ന അയ്യപ്പഭക്തർ പതിനെട്ടാം പടി കയറി ദർശനം നടത്താൻ തുടങ്ങി.

നട തുറപ്പ് ദിവസമായ ഇന്നലെ മറ്റ് പൂജകൾ ഒന്നും സന്നിധാനത്തുണ്ടായിരുന്നില്ല. ഇന്ന് മുതൽ നെയ്യഭിഷേകം അടക്കമുള്ള ചടങ്ങുകൾ സന്നിധാനത്ത് പതിവ് പോലെ നടക്കും. 2020 ജനുവരി 15 നാണ് മകരവിളക്ക്. അന്ന് പുലർച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും. മകരവിളക്കിന് ശേഷം ജനുവരി 16 മുതൽ 20വരെ മാളികപ്പുറത്തു നിന്നുള്ള എഴുന്നെള്ളത്ത് നടക്കും. മകരവിളക്കുത്സവത്തിന് നടതുറന്ന സന്നിധാനത്തും പരിസരങ്ങളിലും കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഇത്തവണ മകരവിളക്ക് മഹോത്സവത്തിനായി കൂടുതൽ ഭക്തർ എത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്.