പതിനെട്ടാം പടിയ്ക്ക് സമീപത്തെ കല്‍ത്തൂണുകള്‍ ബുദ്ധിമുട്ടാകുന്നു; നീക്കം ചെയ്യണമെന്ന് പോലീസ്

Jaihind Webdesk
Thursday, December 14, 2023


പതിനെട്ടാം പടിക്ക് മേല്‍ക്കൂര നിര്‍മ്മിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്ന കല്‍ത്തൂണുകള്‍ തീര്‍ത്ഥാടകരെ പടി കയറ്റിവിടുന്നതിന് ബുദ്ധിമുട്ടാകുന്നുവെന്ന് പോലീസ്. ഇക്കാര്യം ദേവസ്വം ബോര്‍ഡിനെ അറിയിച്ചതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി പറഞ്ഞു. പതിനെട്ടാം പടിവഴി തീത്ഥാടകരെ കയറ്റുന്നതില്‍ പോലീസിന് വേഗത പോരെന്ന് ദേവസ്വം ബോര്‍ഡ് വിമര്‍ശിക്കുമ്പോഴാണ് പോലീസിന്റെ വിശദീകരണം. കൊത്തുപണികളോടെയുള്ള കല്‍ത്തൂണുകള്‍ക്ക് മുകളില്‍ ഫോള്‍ഡ്ങ് റൂഫ് അടക്കമുള്ളതായിരുന്നു പദ്ധതി. നിലവില്‍ ക്ഷേത്രത്തിലെ പ്രധാനവഴിപാടായ പടി പൂജ ടാര്‍പാളിന്‍ കെട്ടിയാണ് നടത്തുന്നത്. പുതിയ മേല്‍ക്കൂര വന്നാല്‍ പൂജകള്‍ സുഗമമായി നടത്താനാകും. ഇതോടൊപ്പം സ്വര്‍ണ്ണം പൂശിയ പതിനെട്ടാം പടിയുടെ സംരക്ഷണവും ഉറപ്പാക്കാം. ഇതായിരുന്നു ഉദ്ദേശം. എന്നാല്‍ അപൂര്‍ണ്ണമായി നില്‍ക്കുന്ന ഈ തൂണുകള്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടാക്കുന്നുവെന്നാണ് പോലീസിന്റെ പരാതി.

തീര്‍ത്ഥാടകരെ പതിനെട്ടാം പടി കയറ്റാനായി പോലീസ് ഇരിക്കുന്നത് ഇപ്പോള്‍ തൂണുകള്‍ സ്ഥാപിച്ച സ്ഥലത്താണ്. തൂണുകള്‍ വച്ചതാടെ പോലീസിന് ബുദ്ധിമുട്ടായെന്ന് എസ്പി വിശദരീകരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഒരു മിനിട്ടില്‍ 75 പേരെയെങ്കിലും കയറ്റണമെന്ന് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ടതും അതിന് കഴിയില്ലെന്ന് എഡിജിപി വ്യക്തമാക്കിയതും. ഇതിന് പിന്നാലെയാണ് പോലീസിന് ബുദ്ധിമുട്ടായ കല്‍തൂണുകള്‍ മാറ്റണമെന്നാവശ്യം ഉന്നയിക്കുന്നത്. ഈ കല്‍തൂണുകള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസുമുണ്ട്. ഹൈദ്രാബാദ് ആസ്ഥാനയുള്ള കമ്പനി വഴിപാടായാണ് ഇത് നിര്‍മ്മിക്കുന്നത്.