ശബരിമല വിഷയം: യു.ഡി.എഫ് നിയമസഭാ മാര്‍ച്ച് നടത്തി

Jaihind Webdesk
Monday, December 10, 2018

UDF-Assembly-March

ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നിയമസഭാ മാർച്ച് നടത്തി. മുതലാളിമാരുടെ മനോഭാവമാണ് മുഖ്യമന്ത്രിക്കുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനകീയ സമരങ്ങളെ അടിച്ചമർത്തി മുന്നോട്ട് പോകുകയാണ് ഇടതുമുന്നണി സര്‍ക്കാരെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടിയും വ്യക്തമാക്കി.

ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞയും മറ്റ് നിയന്ത്രണങ്ങളും അടിയന്തരമായി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് യു.ഡി.എഫ് നിയമസഭാ മാർച്ച് നടത്തിയത്. ആയിരക്കണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

നിയമസഭ കഴിഞ്ഞാലും ശബരിമല വിഷയത്തിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും. മുതലാളിമാരുടെ മനോഭാവമാണ് മുഖ്യമന്ത്രിക്കുള്ളതെന്നും പിണറായി വിജയൻ ഹിറ്റ്ലർ ആകാൻ ശ്രമിക്കുകയാണെന്നും മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ജനകീയ സമരങ്ങളെ അടിച്ചമർത്തി എത്രനാൾ ഇടത് മുന്നണിക്ക് പോകാൻ സാധിക്കുമെന്ന്
കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി ചോദിച്ചു.

യു.ഡി.എഫ് സർക്കാർ നടപ്പിലാക്കിയ പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കുകയാണ് ഇടതുമുന്നണി ചെയ്യുന്നതെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ എം.എം ഹസനും വ്യക്തമാക്കി.

യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ, കെ.പി.സി.സി പ്രചരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ, പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ, കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണി തുടങ്ങിയ
ഘടകകക്ഷി നേതാക്കളും മാർച്ചിൽ പങ്കെടുത്തു.